നിപ, ഷിഗെല്ല രോഗങ്ങള്‍ക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ മലേറിയയും സ്ഥിരീകരിച്ചു. കൊയിലാണ്ടിക്ക് സമീപം തിക്കോടിയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്.മദ്ധ്യപ്രദേശ് സ്വദേശിയാണ് രോഗബാധിതൻ. രോഗത്തിന്റെ ഉറവിടം മദ്ധ്യപ്രദേശില്‍ നിന്നാവാം എന്ന നിഗമനത്തിലാണ് ആരോഗ്യപ്രവർത്തകർ. കുറച്ച് ആഴ്‌ചകള്‍ക്ക് മുമ്പാണ് ഇയാള്‍ ജോലി തേടി തിക്കോടിയിലെത്തിയത്.
രോഗം പടരാതിരിക്കാനുള്ള മാർഗങ്ങള്‍ ആരംഭിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.പെണ്‍ അനോഫിലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. മനുഷ്യരില്‍ ജീവന് ഭീഷണിയായ സാംക്രമിക രോഗമാണിത്. കൊതുകിന്റെ കടിയേറ്റ് പത്ത് മുതല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം.
വിറയലോടുകൂടിയ കടുത്ത പനി, തലവേദന, പേശിവേദന, സന്ധിവേദന, അമിതമായ ക്ഷീണം, ഓക്കാനം, ഛർദി, വയറിളക്കം എന്നിവയാണ് മലേറിയയുടെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻതന്നെ ചികിത്സ തേടണം. ഉറങ്ങുമ്പോള്‍ കൊതുക് വല ഉപയോഗിക്കുക, പരമാവധി കൊതുക് കടി ഏല്‍ക്കാതിരിക്കുക, പരിസരങ്ങളില്‍ വെള്ളം കെട്ടിക്കിടത്താതെ ശ്രദ്ധിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങള്‍.

















