ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത ജനപ്രതിനിധിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു.റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസറുടെ ഔദ്യോഗിക സീറ്റില്‍ കയറിയിരുന്ന് അല്പത്തരം കാണിച്ച കൊണ്ടോട്ടി എംഎല്‍എ ടി.പി.അഷ്‌റഫലി നടപടിക്കെതിരെയാണ് ഇപ്പോള്‍ വ്യാപക വിമർശനം ഉയരുന്നത്.
എക്സിക്യൂട്ടീവിന്റെ അധികാരപരിധിയില്‍ കയറി ഇടപെടാൻ ഒരു എംഎല്‍എയ്ക്ക് യാതൊരുവിധ അവകാശവുമില്ലെന്നും, ഇങ്ങനെയുള്ളവർക്ക് ഒരു സല്യൂട്ട് പോലും നല്‍കേണ്ട ആവശ്യമില്ലെന്നുമാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്.ഓഫീസിലെത്തി അധികാരം കാണിക്കുക മാത്രമല്ല, ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകർത്തി, പശ്ചാത്തലത്തില്‍ മാസ്സ് സിനിമാ ഡയലോഗുകള്‍ കൂടി ഉള്‍പ്പെടുത്തി സ്വന്തം സോഷ്യല്‍ മീഡിയ പേജില്‍ റീല്‍സ് ആയി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
“ഷാജി കൈലാസ് സിനിമകളുടെ ഹാങ്‌ഓവറില്‍ ജീവിക്കുന്നതു കൊണ്ടാണ് സിനിമയാണ് നിയമമെന്ന് ഇദ്ദേഹം കരുതിയിരിക്കുന്നത്. അല്പന് അർത്ഥം കിട്ടിയാല്‍ അർദ്ധരാത്രിയിലും കുടപിടിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്,” എന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു.
തുടർച്ചയായ ഇത്തരം അധികാര ദുർവിനിയോഗങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ വേണമെന്നാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്ന ആവശ്യം.

















