ലോകകപ്പ് ഫുട്‌ബോള്‍ മത്സരം തത്സമയം കാണുന്നതിനിടയില്‍ വൈദ്യുതി മുടങ്ങിയതില്‍ പ്രകോപിതനായി കെ.എസ്.ഇ.ബി.ഓവർസിയറെയും ജീവനക്കാരനെയും ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റില്‍. കെ.എസ്.ഇ.ബി പത്തനാട് സെക്ഷനിലെ ഓവർസിയറായ എം.കെ. മനോജ്കുമാറി(55)നാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ദേവഗിരി കല്ലൂർതാഴ്ചയില്‍ റോള്‍ഫി വർഗീസി(27)നെ കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൂലേപ്പീടിക ഭാഗത്ത് രാത്രിയില്‍ മരം ഒടിഞ്ഞുവീണതിനെ തുടർന്നാണ് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ലോകകപ്പ് മത്സരം കാണാനാവാതെ വന്നതോടെ പ്രകോപിതനായ റോള്‍ഫി ഇരുമ്പ് ദണ്ഡുമായി പത്തനാട് കെ.എസ്.ഇ.ബി ഓഫീസിലെത്തി ബഹളം വെക്കുകയായിരുന്നു. തുടർന്ന്, തകരാർ പരിഹരിക്കാൻ ജീവനക്കാർ മരംവീണ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്ന വിവരമറിഞ്ഞ് ഇയാള്‍ അങ്ങോട്ടേക്ക് തിരിച്ചു.
തകരാർ പരിഹരിച്ചുകൊണ്ടിരുന്ന ഓവർസിയർ മനോജ്കുമാറിനെയും ഒപ്പമുണ്ടായിരുന്ന താല്‍ക്കാലിക തൊഴിലാളി എം.കെ. സാബുവിനെയും ഇയാള്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഓവർസിയർ മനോജ്കുമാർ പാമ്പാടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ജീവനക്കാരെ ആക്രമിച്ചതിനും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

















