മാസപ്പടിക്കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണ വിജയന് താല്‍ക്കാലിക ആശ്വാസം. കേസില്‍ വെള്ളിയാഴ്ച വരെ വീണയ്ക്ക് നോട്ടീസ് അയയ്ക്കില്ലെന്ന് ഇഡി.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ അന്തിമ വിധി വന്ന ശേഷം മാത്രമേ വീണയ്‌ക്കെതിരെ തുടർനടപടികള്‍ എടുക്കുന്നുളൂവെന്നാണ് ഇഡിയുടെ തീരുമാനം.
അതേസമയം, പിണറായി വിജയൻറെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥനെതിരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനൊരുങ്ങി ഇഡി. സിപിഎം പ്രവര്‍ത്തകരെ കൂടാതെ സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെയും കേസില്‍ പ്രതികളാക്കണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചേക്കും.
വീണ വിജയന് നോട്ടീസ് നല്‍കാനും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും ഇഡിക്ക് നിലവില്‍ നിയമതടസമില്ല. എങ്കിലും തിടുക്കം വേണ്ടെന്ന ധാരണയിലേക്കാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എത്തിയിരിക്കുന്നത്. ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ചയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് വരിക. അന്തിമ ഉത്തരവ് അനുകൂലമെങ്കില്‍ വേഗത്തില്‍ തുടര്‍ നീക്കങ്ങളുണ്ടാകുമെന്നും ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം, കേസില്‍ അന്വേഷണം പൂർത്തിയാക്കുകയല്ലേ വേണ്ടത് എന്നായിരുന്നു ഇന്നലെ സിഎംആർഎല്ലിനോട് കോടതി ചോദിച്ചത്. മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎല്‍ നല്‍കിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം. നിരപരാധിത്വം വ്യക്തമാക്കാന്‍ സിഎംആര്‍എല്ലിന് രേഖകള്‍ നല്‍കാം, കുറ്റകൃത്യമില്ലെങ്കില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ലിസ്റ്റഡ് കമ്പനി അല്ലേ, എക്സാലോജിക് ആയുള്ള രേഖകള്‍ അല്ലേ ഇഡി ചോദിച്ചതെന്നും കോടതി ചോദിച്ചു. കേസിലെ വാദം നീട്ടിക്കൊണ്ട് പോകേണ്ട എന്നും കോടതി പറഞ്ഞു. മറുപടി സത്യവാങ്മൂലത്തില്‍ കേസ് ആവശ്യമില്ലെന്ന് ഇഡി അഭിഭാഷകൻ പറഞ്ഞു. ഇ ഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റർ ജനറലും, സിഎംആർഎല്ലിനായി സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയും ആണ് ഹാജരായത്.

















