മാസപ്പടി കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം പിണറായി സർക്കാരിലേക്കും. എല്‍ഡിഎഫ് സർക്കാരിൻ്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങള്‍ ഇഡി അന്വേഷിക്കുന്നു.വീണയ്ക്ക് നല്‍കിയ മാസപ്പടിക്ക് പിന്നില്‍ സിഎംആർഎല്ലിന് സർക്കാരില്‍ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം.

കരാറില്‍ ആസ്വഭാവികത ഉണ്ടെന്നാണ് ഇഡി വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കരാറിലെ അഴിമതി കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആദ്യ എല്‍ഡിഎഫ് സർക്കാരുംസിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിലേക്കാണ് അന്വേഷണം നടക്കുക. വീണയുടെ മൊഴിയില്‍ അവ്യക്തത തുടരുകയാണ്. കരാർ ലഭിച്ചതില്‍ ആസ്വഭാവികതയില്ലെന്നാണ് വീണ വ്യക്തമാക്കുന്നത്. എന്നാല്‍, ഇഡി വീണയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. വീണ ടിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍ ഉടനെയുണ്ടാകും. ഇന്നലെ 10 മണിക്കൂർ ആണ് വീണയുടെ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്‌എഫ്‌ഐഓ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ലഭ്യമായതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി വീണയെ രണ്ടാമതും കൊച്ചിയിലേക്ക് വിളിപ്പിച്ചത്. കരിമണല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാട് മാത്രമല്ല മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഈ കമ്പനിയുമായി ബന്ധമുണ്ടോ എന്നതടക്കം ചോദ്യം ചെയ്യലില്‍ വീണയോട് ഇഡി വ്യക്തത തേടിയെന്നാണ് വിവരം. ഈ മാസം 29നായിരുന്നു രണ്ടാമതും ചോദ്യം ചെയ്യലിനായി തീരുമാനിച്ചിരുന്നതെങ്കിലും എസ്‌എഫ്‌ഐ അനുബന്ധ രേഖകള്‍ കിട്ടിയതോടെ ഇന്നലെ ഹാജരാകാൻ ഉദ്യോഗസ്ഥർ ഫോണില്‍ വിളിച്ച്‌ വീണയോട് ആവശ്യപ്പെടുകയായിരുന്നു. 29ന് ഹാജരാകാൻ വീണയും നേരത്തെ അസൗകര്യം അറിയിച്ചിരുന്നു. തുടർന്ന് രാവിലെ ഒൻപതരയോടെയാണ് ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം വീണ എത്തിയത്.

എസ്‌എഫ്‌ഐഓ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകള്‍ ഇഡിയ്ക്ക് കഴിഞ്ഞ ദിവസമാണ് കിട്ടിയത്. കരിമണല്‍ കമ്പനി വീണയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖയാണിത്. നേരത്തെ ഈ രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ ചോദ്യം ചെയ്യല്‍ പൂർത്തിയാക്കാൻ ആയിരുന്നില്ല. എന്നാല്‍ ഇന്നലെ നടന്ന പത്ത് മണിക്കൂർ ചോദ്യം ചെയ്യലില്‍ ടി വീണയ്ക്ക് മാത്രമല്ല അച്ഛൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കരിമണല്‍ കമ്പനിയുമായുള്ള ബന്ധങ്ങളും ചോദ്യങ്ങളായി വന്നു. സുപ്രധാന പദവിയിലിരിക്കെ പിണറായി വിജയൻ സിഎംആർഎല്ലിനെ സഹായിച്ചതായി ആരോപണള്‍ ഉയർന്ന വിഷയങ്ങളിലേക്കും ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു.

എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് നല്‍കിയ സേവനം,സിഎംആർഎല്ലില്‍ നിന്ന് ലഭിച്ച പണം എന്തുചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ആദ്യ ചോദ്യം ചെയ്യലില്‍ വീണ ഉത്തരം നല്‍കിയത്. സേവനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ചോദിച്ചെങ്കിലും വീണക്ക് ഹാജരാക്കാനായിരുന്നില്ല. ഇതിനുശേഷം വീണയുടെ എച്ച്‌.ഡി.എഫ്.സി ബാങ്കിലെ ലോക്കറടക്കം ഇഡി തുറന്നു പരിശോധിച്ചിരുന്നു. കേസില്‍ സിഎംആർഎല്‍ അധികൃതരുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂർത്തിയായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക