രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമന്‍സ് അയച്ചു. ഈ മാസം 29-ാം തീയതി കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകണമെന്നാണ് അന്വേഷണസംഘം നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. കേസില്‍ മുന്‍പ് നടന്ന ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെ, കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളുടെയും ബാങ്ക് രേഖകളുടെയും അടിസ്ഥാനത്തില്‍ വീണയെ വീണ്ടും വിളിച്ചുവരുത്താന്‍ ഇഡി തീരുമാനിച്ചതോടെ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. അറസ്റ്റിനും സാധ്യത ഏറെയാണ്.
എന്നാല്‍, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ വ്യക്തമാക്കിക്കൊണ്ട് സിറിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്‌എഫ്‌ഐഒ) കണ്ടെത്തിയ നിര്‍ണ്ണായക രേഖകള്‍ ഇനിയും ഇഡിയ്ക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഈ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിയ്ക്ക് കൈമാറാന്‍ കോടതി അനുവദിച്ച പത്ത് ദിവസത്തെ സമയപരിധി ഇതിനോടകം തന്നെ അവസാനിച്ചുകഴിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോടതി നിശ്ചയിച്ച അവസാന തീയതി. രേഖകള്‍ ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ എസ്‌എഫ്‌ഐഒ അന്വേഷണ സംഘവുമായി ഇഡി ഉന്നതര്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസിന്റെ തുടരന്വേഷണത്തിനും താല്‍കാലിക കണ്ടുകെട്ടല്‍ നടപടികള്‍ക്കും ഏറ്റവും അത്യാവശ്യമായ 134 സുപ്രധാന രേഖകളാണ് എസ്‌എഫ്‌ഐഒയില്‍ നിന്ന് ഇഡിയ്ക്ക് ലഭിക്കേണ്ടത്. ഈ ഔദ്യോഗിക രേഖകള്‍ പൂര്‍ണ്ണമായി കൈപ്പറ്റിയ ശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്നതിന്റെ തീയതി നിശ്ചയിക്കൂ എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, രാഷ്ട്രീയ പശ്ചാത്തലവും കേസിന്റെ അടിയന്തിര സ്വഭാവവും കണക്കിലെടുത്ത് രേഖകള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകുമെന്ന ഉറപ്പിലാണ് ഈ മാസം 29-ലേക്ക് ഇഡി ഇപ്പോള്‍ പുതിയ സമന്‍സ് അയച്ചിരിക്കുന്നത്.
നിലവില്‍ പ്രതികളുടെ സ്വത്തുക്കള്‍ താല്‍കാലികമായി കണ്ടുകെട്ടുന്നതിനായുള്ള ശക്തമായ തെളിവ് സമാഹരണമാണ് ഇഡി ദ്രുതഗതിയില്‍ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി എക്‌സാലോജിക്കുമായി ബന്ധമുള്ള വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും 242 ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 18 കോടി രൂപയോളം അന്വേഷണസംഘം ഇതിനോടകം തന്നെ മരവിപ്പിച്ചിട്ടുണ്ട്. ഈ മരവിപ്പിച്ച അക്കൗണ്ടുകളുടെ കൂട്ടത്തില്‍ വീണ വിജയന്റെ വ്യക്തിപരമായ രണ്ട് ബാങ്ക് അക്കൗണ്ടുകളും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുടെ ഒരു പ്രധാന അക്കൗണ്ടും ഉള്‍പ്പെടുന്നുണ്ടെന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
















