അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. കേസില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. കേരളത്തിലെ 6 പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി കേസ് എടുത്ത് പരിശോധന നടത്തിയത്.
കേരളത്തിന് അകത്തും പുറത്തമുള്ള വൻ മാഫിയ സംഘം അവയവ കച്ചവടത്തിന് പിന്നില്‍ പ്രവർത്തിച്ചെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. ആലപ്പുഴ റൂറല്‍ പൊലീസ് കേസെടുത്തതിന് പിറകെ ഒളിവില്‍പോയ മുഖ്യകണ്ണി നജീബ് ആയിരുന്നു ഇടനിലക്കാരെ ഏകോപിപ്പിച്ചത്. മെഡിക്കല്‍ ടൂറിസത്തിന്‍റെ മറവിലായിരുന്നു വ്യാജ രേഖകള്‍ ഉപയോഗഹിച്ചുള്ള അവയവ വാണിഭം.
സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ചെറിയ തുകയക്ക് അവയവ കൈൈമാറ്റം ഉറപ്പിക്കുകയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവർക്ക് വലിയ തുകയ്ക്ക് കൈമാറുകയുമായിരുന്നു. ഓരോ ശസ്ത്രക്രിയക്കും പിറകെ മുഖ്യകണ്ണി നജീബിന് വൻ തുക ആശുപത്രികള്‍ കമ്മീഷൻ നല്‍കിയെന്നാണ് ഇഡിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടാണ് ഇഡി തേടുന്നത്. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ്, ലേക് ഷോർ അടക്കം 6 ആശുപത്രികളില്‍ നേരത്തെ പരിശോധന നടന്നിരുന്നു.
















