ഫണ്ട് ദുരുപയോഗ കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായുള്ള 440 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബുധനാഴ്ചയാണ് ഇ.ഡി നടപടി ഉണ്ടായത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി എച്ച്.ഡി.എഫ്.സി ബാങ്കില്‍ സൂക്ഷിച്ചിരുന്ന ഫണ്ടാണ് ഇ.ഡി പിടിച്ചെടുത്തത്.
‘കെയർവെല്‍’ ഗ്രൂപ് എന്ന വ്യോമയാന മേഖലയില്‍ പ്രവർത്തിക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലും മറ്റിടങ്ങളിലുമായി അഞ്ച് കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇ.ഡി പുറപ്പെടുവിച്ചത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കളുടെ യാത്രാചെലവുകളുമായി ബന്ധപ്പെട്ട് ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. കെയർവെല്‍ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലേക്കും ഏകദേശം 160 കോടി രൂപ കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഇ.ഡി പ്രസ്താവനയില്‍ പറയുന്നു.
2023 ഏപ്രിലിനും 2026 ജൂണിനുമിടയിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഇത്തരമൊരു പണക്കൈമാറ്റം നടന്നത്.ഈ തുക ഉപയോഗിച്ച് എംബ്രയർ ലെഗസി 600 വിമാനവും അഗസ്റ്റ 109 ഗ്രാൻഡ് ന്യൂ ഹെലികോപ്റ്ററും വാങ്ങിയതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഹെലികോപ്റ്റർ വാങ്ങുന്നതിനായി കേമാൻ ഐലൻഡ്സ് കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തില്‍നിന്ന് 1.7 ദശലക്ഷം യു.എസ് ഡോളർ സുരക്ഷിതമല്ലാത്ത വായ്പയായി സംഘടിപ്പിച്ചതായും ഇ.ഡി ആരോപിക്കുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വിമാനവും ഹെലികോപ്റ്ററും പിന്നീട് ഇതേ പാർട്ടിക്ക് തന്നെ വാടകയ്ക്ക് നല്‍കുകയും യാത്രാച്ചെലവെന്ന വ്യാജേന വലിയ തുകകള്‍ കമ്പനിയിലേക്ക് മാറ്റുകയും ചെയ്തതിട്ടുണെന്നും ആരോപണമുണ്ട്.
അതേസമയം, ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബി.ജെ.പിയുടെ ബ്രാഞ്ച് ഓഫിസുകള്‍ പോലെ കേന്ദ്രസർക്കാർ അന്യായമായി ഉപയോഗിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പി ഡെറക് ഒബ്രയൻ കുറ്റപ്പെടുത്തി.
















