നെടുമങ്ങാട് കരിക്കുഴിയിലെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ ദുരൂഹത. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്.തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു രണ്ടാനച്ഛന്‍റെ മൊഴി. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ മർദ്ദനത്തിന്‍റെ പാടുകള്‍ കണ്ടെത്തി. രണ്ടാനച്ഛൻ അഷ്‌കർ കുഞ്ഞിനെ മർദിക്കാറുണ്ടെന്നു ബന്ധുക്കള്‍ പൊലീസിന് മൊഴിനല്‍കി.
കുട്ടിയുടെ മൃതദേഹം ഉടൻ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ നിന്ന് പുറത്തിറക്കും. ഒന്നര വയസ്സുകാരൻ അർഷിദിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന നിലയില്‍ രണ്ടാനച്ഛൻ അഷ്കറാണ് ഇന്നലെ കുഞ്ഞിനെ എസ് എടി ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ കുഞ്ഞിൻറ ശരീരത്തില്‍ മർദനമേറ്റതിന്‍റെ പാടുകളുണ്ട്. കുട്ടിയെ രണ്ടാനച്ഛൻ നിരന്തരമായി മർദ്ദിക്കാറുണ്ടെന്ന് അമ്മൂമ്മ അടക്കമുള്ള ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം വിശദമായി അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. രണ്ടാനച്ഛനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

















