മോട്ടോർ വാഹന വകുപ്പില്‍ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഗതാഗത മന്ത്രി സി.പി.ജോണ്‍ അറിയിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളില്‍ 30 ശതമാനം വരെ രജിസ്ട്രേഷൻ കുറഞ്ഞ സാഹചര്യത്തില്‍ കാരണങ്ങള്‍ പരിശോധിച്ച് പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്ടനകത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച്ചില്‍ നടന്ന മലപ്പുറം, പാലക്കാട്, തൃശൂർ സോണിലെ ആർ.ടി.ഒമാരുടെ അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഈ വർഷം 30 ശതമാനം കുറഞ്ഞിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 10 ശതമാനമാണ് കുറവ്. മലപ്പുറത്ത് നേരത്തെ 10 ലക്ഷം വരെ വാഹന രജിസ്ട്രേഷൻ നടന്നിരുന്നത് ഏഴു ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇവിടെയുള്ളവർ നാഗാലാൻഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് രജിസ്ട്രേഷൻ നടത്തുന്നത്.കേരളത്തില്‍ മികച്ച ഡ്രൈവിങ് സമ്പ്രദായം നടപ്പാക്കാൻ ശ്രമം നടത്തും.
സീബ്രാലൈനിന്റെ വീതി വർധിപ്പിക്കുന്ന കാര്യം പരിഗണിക്കും. കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം റോഡ് കടക്കാൻ ഇതുവഴി സാധിക്കും. പല ജില്ലകളിലും ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂടുതലാണ്. പല ഓഫിസുകളും ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ കഴിയാത്ത വിധം ശോച്യാവസ്ഥയിലാണ്. ഇവ നവീകരിക്കാൻ നടപടി സ്വീകരിക്കും.7335 കോടിയാണ് മോട്ടോർ വാഹന വകുപ്പ് സർക്കാറിലേക്ക് നല്‍കുന്നത്. സർക്കാറിന്റെ പ്രധാന വരുമാനങ്ങളിലൊന്നാണിത്. ഇതില്‍ ചെറിയ ശതമാനം തിരിച്ചു നല്‍കി കെട്ടിടങ്ങള്‍ നവീകരിക്കാനും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാഡുകള്‍ നവീകരിക്കാനും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

















