സിഎംപിയും മുന്‍ സിപിഎം നേതാവായ പി കെ ശശിയുടെ ഡിഎംഎഫും (ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട്) തമ്മിലുള്ള ലയനം ഈ മാസം 27ന് നടക്കും.തൃശ്ശൂരിലായിരിക്കും ലയന പരിപാടി നടക്കുക. സിഎംപി സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായി പി കെ ശശിയെ പ്രഖ്യാപിക്കുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ സി പി ജോണ്‍ പറഞ്ഞു.
ഡിഎംഎഫിന്റെ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് പാലക്കാട് നയപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നിരുന്നു. ഇതിനിടെയാണ് നേതാക്കള്‍ സിഎംപി-ഡിഎംഎഫ് ലയന തീയതി പ്രഖ്യാപിച്ചത്. ലയനം സംബന്ധിച്ച് നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പി കെ ശശിയുമായി ചര്‍ച്ച നടത്തിയിരുന്നതായി സി പി ജോണ്‍ പറഞ്ഞു. സിഎംപിയിലേക്ക് കടന്നുവരുന്ന ഡിഎംഎഫ് പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊഴിഞ്ഞാമ്പാറയില്‍ നിന്ന് ആരംഭിച്ചതാണ് ഈ നീക്കം. കൊഴിഞ്ഞാമ്പാറയില്‍ അന്ന് സിപിഐഎമ്മിനെതിരെ വിമതര്‍ മത്സരിച്ചത് സിഎംപി ചിഹ്നമായ നക്ഷത്ര അടയാളത്തിലായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ ശ്രമിച്ച സിപിഎമ്മിനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ നീക്കം. കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് ഫാസിസ്റ്റ് സ്വഭാവം കാണിക്കുന്നവര്‍ക്ക് എതിരാണ് സിഎംപിയെന്നും സി പി ജോണ്‍ പറഞ്ഞു.
സിപിഎമ്മിനെതിരെ പി കെ ശശി
ഫുട്‌ബോള്‍ ലോകകപ്പില്‍ ബ്രസീല്‍ പുറത്തായപ്പോള്‍ നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്നും സിപിഎമ്മിന്റെ വിടവാങ്ങലായിരിക്കും ഇനി വരാന്‍ പോകുന്നതെന്നും പി കെ ശശി പറഞ്ഞു. ഡിഎംഎഫ് ഉള്‍പ്പെടുന്ന പുതിയ ഇടത് പ്ലാറ്റ്‌ഫോമായിരിക്കും ഇനി കേരളത്തിലെ ഇടതുപക്ഷം. ഡിഎംഎഫിന് ഈ ശക്തി നല്‍കിയതിന് സിപിഎമ്മിന് നന്ദിയുണ്ടെന്ന് ശശി പരിഹസിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവിന്ദന്‍ മുതല്‍ ബ്രാഞ്ച് വരെയുള്ളവര്‍ക്ക് ധാഷ്ട്യമായിരുന്നു. കമ്മ്യൂണിസ്റ്റിനെ കമ്മ്യൂണിസ്റ്റുകാര്‍ കൊല്ലാന്‍ ശ്രമിക്കുന്ന രീതിയിലേക്ക് സിപിഎം വളര്‍ന്നു. ഇത്തരം പത്തരമാറ്റ് സ്വഭാവമാണ് സിപിഎമ്മിനെ നശിപ്പിച്ചത്. ഒറ്റപ്പാലത്തെ ചില ആക്രമണങ്ങള്‍ അതിന് തെളിവാണെന്നും പി കെ ശശി വിമര്‍ശിച്ചു. കനത്ത തോല്‍വി നേരിട്ടിട്ടും സിപിഎമ്മിന് ധാര്‍ഷ്ട്യമാണ്. എം വി ഗോവിന്ദനും പാലക്കാട് ജില്ലാ സെക്രട്ടറിയും സിപിഎമ്മില്‍ ഉണ്ടായാല്‍ മതി, ഡിഎംഎഫ് വളരും. സിപിഎം ഇപ്പോള്‍ ഐസിയുവിലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സിപിഎമ്മിനെ പള്ളിക്കാട്ടിലേക്ക് എടുക്കുമെന്നും പി കെ ശശി പരിഹസിച്ചു.









