കോളേജ് കാമ്പസുകളിലെ തെരുവ് നായ് പ്രശ്നവുമായി ബന്ധപ്പെട്ട ഹർജികളില്‍ സുപ്രീം കോടതിയുടെ നിർണായക ഇടപെടല്‍.ക്യാമ്പസുകളില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനും പരിപാലിക്കാനും മൃഗക്ഷേമ സംഘടനകള്‍ക്കും വിദ്യാർഥി കൂട്ടായ്മകള്‍ക്കും അനുമതി നല്‍കാമെങ്കിലും, അതില്‍ നിന്നുണ്ടാകുന്ന അപകടങ്ങളുടെ പൂർണ ഉത്തരവാദിത്വവും ഇവർ ഏറ്റെടുക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.
ആരെയെങ്കിലും നായ് ആക്രമിക്കുകയോ മറ്റ് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ നിയമപരമായ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിധിയിലാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. തെരുവ് നായ്ക്കളുടെ സംരക്ഷണം എന്നത് മനുഷ്യരുടെ സുരക്ഷയെ അവഗണിച്ചുകൊണ്ടാകരുത് എന്ന് വ്യക്തമാക്കിയ കോടതി കാമ്പസുകളിലെ മൃഗക്ഷേമ പ്രവർത്തനങ്ങള്‍ക്ക് ‘ഉത്തരവാദിത്തം’ നിർബന്ധിത വ്യവസ്ഥയാക്കി മാറ്റി.
‘മൃഗങ്ങളുടെ അവകാശങ്ങള്‍ക്കോ താല്പര്യങ്ങള്‍ക്കോ വേണ്ടി വാദിക്കുന്നത്, മനുഷ്യന്റെ ജീവനും സുരക്ഷയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനിന്നുകൊണ്ടാകരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൃഗക്ഷേമ സംഘടനകളോ വിദ്യാർത്ഥി കൂട്ടായ്മകളോ കാമ്പസിനുള്ളില്‍ ഇത്തരം പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍, അവർ ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കോളേജ് മേധാവിക്ക് സത്യവാങ്മൂലം നല്‍കേണ്ടത് നിർബന്ധമാണ്. അല്ലാത്തപക്ഷം കാമ്പസിനുള്ളില്‍ തെരുവ് നായ്ക്കളെ വളർത്താനോ തീറ്റ നല്‍കാനോ അനുവദിക്കില്ല’, കോടതി വ്യക്തമാക്കി. ഈ നിർദേശം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപന മേധാവികള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആൻഡ് റിസർച്ച് (എൻ.എ.എല്‍.എസ്.എ.ആർ) നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനസുരക്ഷ മുൻനിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ മാറ്റണമെന്ന കോടതിയുടെ മുൻ ഉത്തരവ് നിലനില്‍ക്കെ, തങ്ങളുടെ ക്യാമ്പസിലെ നായ സംരക്ഷണ പദ്ധതി തുടരാൻ അനുവദിക്കണമെന്ന് എൻ.എ.എല്‍.എസ്.എ.ആർ ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ ആനിമല്‍ ലോ സെന്റർ വഴി വിദ്യാർത്ഥികളെയും ജീവനക്കാരെയും ഉള്‍പ്പെടുത്തി നായ്ക്കളെ വന്ധീകരിക്കാനും വാക്സിനേഷൻ നല്‍കാനും ബോധവല്‍ക്കരണം നടത്താനും കൃത്യമായ സംവിധാനമുണ്ടെന്ന് ഇവർ കോടതിയെ അറിയിച്ചു. മൃഗങ്ങളോട് അനുകമ്പ കാട്ടുന്നതോടൊപ്പം 2023-ലെ ആനിമല്‍ ബർത്ത് കണ്‍ട്രോള്‍ (എ.ബി.സി) ചട്ടങ്ങള്‍ക്ക് അനുസൃതമായ ഒരു മാതൃകയാണിതെന്നും അവർ വാദിച്ചു.ഈ വാദം ഒരു പ്രത്യേക കേസായി പരിഗണിച്ച കോടതി, എൻ.എ.എല്‍.എസ്.എ.ആറിലെ നായ്ക്കളെരാൻ അനുമതി നല്‍കി. എന്നാല്‍ ഇതിനും കർശനമായ ഉത്തരവാദിത്ത വ്യവസ്ഥകള്‍ ബാധകമാക്കിയിട്ടുണ്ട്.
തെരുവ് നായകളുടെ സാന്നിധ്യം പൊതുസ്ഥലങ്ങളില്‍ ആശങ്കാജനകമായ രീതിയില്‍ വർധിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച കോടതി, മറ്റൊരു സുപ്രധാന ഉത്തരവും കൂടി പുറപ്പെടുവിച്ചു. പേവിഷബാധയേറ്റതോ, സുഖപ്പെടുത്താനാകാത്ത വിധം രോഗബാധിതരായതോ, മനുഷ്യർക്ക് കടുത്ത ഭീഷണിയാകുന്ന രീതിയില്‍ അക്രമകാരികളായതോ ആയ തെരുവ് നായ്ക്കളെ നിയമപരമായ ചട്ടങ്ങള്‍ പാലിച്ച് ദയാവധത്തിന് വിധേയമാക്കാൻ അധികാരികള്‍ക്ക് കോടതി അനുമതി നല്‍കി.

















