മുടി മുറിച്ചതിന് 5.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട സ്ത്രീയുടെ അപ്പീല്‍ ഭാഗികമായി അനുവദിച്ച് സുപ്രീം കോടതി.പരാതിക്കാരിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവായി. മുടി മുറിച്ചത് മൂലം തനിക്ക് ജോലിയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതിലേക്കും, മോഡലിംഗ് കരിയർ അവസരങ്ങളെ ബാധിക്കുന്നതിലേക്കും എത്തുകയും വിഷാദത്തിന് കാരണമായി മാറിയതായും അവർ അവകാശപ്പെട്ടു.
എന്നിരുന്നാലും, ഹാജരാക്കിയ തെളിവുകള്‍ ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ന്യായീകരണമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.മോശമായ രീതിയില്‍ മുടി മുറിച്ചതിന് നഷ്ടപരിഹാരം നല്‍കുക, അനുമാനങ്ങളെയോ അവകാശവാദങ്ങളെയോ മാത്രം അടിസ്ഥാനമാക്കിയല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. യഥാർത്ഥ നഷ്ടം ബോധ്യപ്പെടുത്തുന്ന വിശ്വസനീയമായ തെളിവുകളുടെ പിന്തുണ ആവശ്യമാണ്.
2018 ഏപ്രില്‍ 12ന്, പരാതിക്കാരി ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബ്യൂട്ടി സലൂണില്‍ മുടിവെട്ടാൻ പോയി. പക്ഷേ അവർ മുടി തീരെ ചെറുതാക്കി മുറിച്ചതായി യുവതി ആരോപിക്കുന്നു. സേവനത്തില്‍ അതൃപ്തിയുണ്ടായ അവർ 2018 ജൂലൈയില്‍ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കി. 2021 സെപ്റ്റംബർ 21ന്, സേവനത്തിലെ പോരായ്മയും മെഡിക്കല്‍ അനാസ്ഥയും ചൂണ്ടിക്കാട്ടി ബ്യൂട്ടി സലൂണ്‍ കുറ്റക്കാരെന്ന് കമ്മീഷൻ കണ്ടെത്തി. അവർക്ക് 2 കോടി രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവായി. ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവില്‍ അതൃപ്തി പ്രകടിപ്പിച്ച ഹോട്ടല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. നഷ്ടപരിഹാര തുക വീണ്ടും വിലയിരുത്താൻ സുപ്രീം കോടതി കേസ് ഉപഭോക്തൃ കമ്മീഷനിലേക്ക് തിരികെ അയച്ചു.
ഇതിനു ശേഷം, അവർ തന്റെ അവകാശവാദം 2 കോടി രൂപയില്‍ നിന്ന് 5.2 കോടി രൂപയായി ഉയർത്തി, കമ്മീഷന് മുമ്പാകെ ചില രേഖകള്‍ ഹാജരാക്കി. കക്ഷികള്‍ സമർപ്പിച്ച രേഖകള്‍ പരിഗണിച്ച ശേഷം, പരാതി നല്‍കിയ തീയതി മുതല്‍ പണം നല്‍കുന്നതുവരെ പ്രതിവർഷം 9% പലിശ സഹിതം ഉപഭോക്തൃ കമ്മീഷൻ വീണ്ടും 2 കോടി രൂപ നഷ്ടപരിഹാരം നല്‍കാൻ വിധിച്ചു.
ഇതില്‍ അതൃപ്തിപൂണ്ട ബ്യൂട്ടി സലൂണ്‍ സുപ്രീം കോടതിയില്‍ മറ്റൊരു അപ്പീല്‍ നല്‍കി. താൻ ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീയാണെന്നും കല്‍ക്കട്ടയിലെ ഐ.ഐ.എമ്മില്‍ നിന്ന് മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദവും മാസ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയും നേടിയിട്ടുണ്ടെന്നും സ്ത്രീ സുപ്രീം കോടതിയില്‍ പറഞ്ഞു. തനിക്ക് മുന്നില്‍ ശോഭനമായ കരിയർ ഉണ്ടായിരുന്നെന്നും, ബ്യൂട്ടി സലൂണ്‍ അത് നശിപ്പിച്ചതായും അവർ വാദിച്ചു.
മുടിവെട്ടാൻ പോയ കാലത്ത് താനൊരു മാർക്കറ്റിംഗ് ഗവേഷണ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും, എന്നാല്‍ മോശം മുടിവെട്ട് കാരണം തനിക്ക് കോർപ്പറേറ്റ് ജോലിയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാല്‍ 2018 ജൂണില്‍ ജോലി ഉപേക്ഷിക്കേണ്ടിവന്നുവെന്നും അവർ അവകാശപ്പെട്ടു. 5.2 കോടി രൂപയുടെ വലിയ നഷ്ടപരിഹാരത്തിനായുള്ള തന്റെ അവകാശവാദത്തെ പിന്തുണയ്ക്കാൻ, സംഭവത്തിന് മുമ്പും ശേഷവും ഉണ്ടായിരുന്ന വരുമാനം കാണിക്കുന്ന ആദായനികുതി റിട്ടേണ്‍ അവർ സമർപ്പിച്ചിട്ടില്ലെന്ന് ബ്യൂട്ടി സലൂണിന്റെ അഭിഭാഷകൻ വാദിച്ചു. സുപ്രീം കോടതിയില്‍ സൗജന്യ നിയമസഹായം നിരസിച്ച സ്ത്രീ കേസ് സ്വയം വാദിച്ചു. 2026 ഫെബ്രുവരി 6 ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു.

















