താഴ്ന്ന വിദ്യാഭ്യാസ യോഗ്യത നിർദേശിച്ചിട്ടുള്ള തസ്തികകളിലേക്ക് ഉയർന്ന യോഗ്യതയുള്ളവർ പ്രവേശിക്കുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.അത്തരം നിയമനങ്ങള്‍, നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ഈ നിലപാട് വ്യക്തമാക്കിയത്. ഉയർന്ന യോഗ്യതയുള്ളവരെ ചില തസ്തികകളില്‍ നിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥകള്‍ സർക്കാർ കൊണ്ടുവരുന്നത് സാമൂഹികവും സാമ്പത്തികവുമായി പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവസരം ഉറപ്പാക്കുന്നതിനായാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിലെ സിൻഡിക്കേറ്റ് ബാങ്കിലെ താത്കാലിക ബാങ്ക് അറ്റൻഡന്റ് നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിർണായക പരാമർശം. പത്താം ക്ലാസ് യോഗ്യത മാത്രം ആവശ്യമായ തസ്തികയിലേക്ക് ഒരു ബിരുദധാരി തന്റെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത മറച്ചുവെച്ച് ജോലി നേടിയിരുന്നു. പിന്നീട് ബാങ്ക് ഇയാളെ സർവീസില്‍ നിന്ന് പുറത്താക്കി.
എന്നാല്‍, ജീവനക്കാരനെ തിരിച്ചെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബാങ്ക് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, തസ്തികയുടെ നിബന്ധനകള്‍ ലംഘിച്ച് യോഗ്യത മറച്ചുവെച്ച് ജോലി നേടുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.
അതേസമയം, അധികയോഗ്യത മറച്ചുവെച്ച് ജോലി നേടിയവരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട നിയമപരമായ ചില ചോദ്യങ്ങള്‍ സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലുമുണ്ട്.

















