സത്യപ്രതിജ്ഞാ വേദിയില്‍ വിവിഐപികള്‍ ഇടം നല്‍കില്ലെന്ന ഗവർണറുടെ ഉത്തരവ് ഫലം കണ്ടില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് സമാനമായി വേദിയില്‍ ഉണ്ടായിരുന്നു.നേരത്തെ തന്നെ ഇത് മറികടന്ന് വിശാലമായ വേദി തന്നെ ഒരുക്കുമെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ മുതല്‍ ഗവർണറെ മറികടന്ന് സർക്കാർ നയം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സിപിഐ ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, യുഡിഎഫിലെ മറ്റ് ഘടക കക്ഷി നേതാക്കള്‍ എന്നിവർക്കെല്ലാം തന്നെ വേദിയില്‍ ഇരിപ്പിടം ഒരുക്കിയിരുന്നു.
എങ്ങും നിറഞ്ഞ ആരവങ്ങള്‍ക്കിടെ കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വിഡി സതീശൻ ദൈവത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. പികെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരടക്കം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. പുതിയ മന്ത്രിസഭയുടെ സ്ഥാനാരോഹണം വീക്ഷിക്കാൻ സ്‌റ്റേഡിയത്തിനകത്തും പുറത്തും വൻ ജനക്കൂട്ടമായിരുന്നു ഒത്തുകൂടിയത്.
അതേസമയം, സത്യപ്രതിക്കു മുമ്പ് തന്നെ മന്ത്രിമാരും വിശിഷ്‌ട വ്യക്തികളും വേദിയില്‍ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അടക്കമുള്ളവര്‍ വേദിയിലെത്തി. വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്നാണ് ലോക്ഭവന്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍, ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നു.
ഗവർണറുടെ ഈ നിർദേശം പാലിക്കേണ്ട എന്നായിരുന്നു തുടക്കം മുതല്‍ യുഡിഎഫ് തീരുമാനം. അത് അനുസരിച്ച് തന്നെയാണ് വേദിയിലെ ക്രമീകരണങ്ങള്‍ ഒരുക്കിയത്. നേരത്തെ വിജയ്‌യുടെ സത്യപ്രതിജ്ഞ തമിഴ്‌നാട്ടില്‍ നടന്നപ്പോഴും സമാനമായി മന്ത്രിമാർക്ക് പുറമേ ഉള്ളവർക്കും വേദിയില്‍ ഇരിപ്പിടം ഒരുക്കിയിരുന്നു. അവിടെയും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു.
അതിനിടെ, കനത്ത സുരക്ഷയോടെയാണ് സത്യപ്രതിജ്ഞ നടന്നത്. തിരുവനന്തപുരം നഗരത്തില്‍ രാവിലെ 6 മണി മുതല്‍ വൈകീട്ട് 4 മണി വരെ ഗതാഗത നിയന്ത്രണമുണ്ട്. സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം പാസ് മുഖേന മാത്രമായിരുന്നു. എട്ട് മണി മുതല്‍ 9 മണി വരെയാണ് പ്രവേശനം അനുവദിച്ചത്. നേരിട്ട് എത്താനാവാത്തവര്‍ക്കായി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ എല്‍ഇഡി സ്‌ക്രീനുകളും ഒരുക്കിയിരുന്നു.

















