നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാക്കേസില്‍ അന്വേഷണം ഊർജ്ജിതമാക്കിയ സിബിഐ രാജസ്ഥാനിലെ സിക്കാർ ജില്ലയില്‍ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ പിടികൂടി.യഥാർത്ഥ ചോദ്യപേപ്പറിനോട് അങ്ങേയറ്റം സാമ്യമുള്ള ‘ഗസ് പേപ്പർ’ സംഘടിപ്പിച്ച് കോച്ചിംഗ് സെന്‍ററുകള്‍ വഴി വിതരണം ചെയ്ത ദിനേഷ് ബിവാല്‍, സഹോദരൻ മംഗിലാല്‍ ബിവാല്‍, മംഗിലാലിന്‍റെ മൂത്ത മകൻ വികാസ് എന്നിവരാണ് പിടിയിലായത്.
ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിനും ഉദ്യോഗാർത്ഥികളെ ഏകോപിപ്പിക്കുന്നതിനുമായി സിക്കാറിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. പരീക്ഷയ്ക്ക് മുൻപ് തന്നെ ഈ ചോർന്ന ചോദ്യപേപ്പർ ലഭിച്ചതായി കരുതുന്ന ദിനേഷ് ബിവാല്‍ എന്ന പ്രതിയുടെ മകൻ ഋഷി ബിവാലിനായി സിബിഐ ഇപ്പോള്‍ തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
തന്‍റെ മകന് പരീക്ഷയില്‍ ഉയർന്ന വിജയം നേടിക്കൊടുക്കുന്നതിനായി പത്ത് ലക്ഷത്തോളം രൂപ നല്‍കിയാണ് ദിനേഷ് ചോദ്യപേപ്പർ സംഘടിപ്പിച്ചതെന്ന് സിബിഐ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പർ കൈയില്‍ കിട്ടിയിട്ടും 720 മാർക്കിന്‍റെ പരീക്ഷയില്‍ വെറും 107 മാർക്ക് മാത്രമാണ് ഋഷി ബിവാലിന് നേടാനായത്. മുൻകാല പരീക്ഷകളിലും അത്യന്തം മോശം പ്രകടനമാണ് ഈ വിദ്യാർത്ഥി കാഴ്ചവെച്ചിട്ടുള്ളത് എന്ന് അന്വേഷണത്തില്‍ വ്യക്തമായി. രാജസ്ഥാൻ ബോർഡിന്‍റെ പത്താം ക്ലാസ് പരീക്ഷയില്‍ 44 ശതമാനം മാർക്ക് മാത്രം നേടിയ ഋഷി, ഇക്കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഗ്രേസ് മാർക്കിന്റെ സഹായത്തോടെയാണ് കഷ്ടിച്ച് രണ്ടാം ക്ലാസ്സോടെ ജയിച്ചത്. ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ പ്രധാന വിഷയങ്ങളിലെ തിയറി പരീക്ഷകളില്‍ വളരെ കുറഞ്ഞ മാർക്ക് മാത്രമുണ്ടായിട്ടും ഈ വിദ്യാർത്ഥിയെ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഇരുത്താൻ കുടുംബം നിർബന്ധിക്കുകയായിരുന്നു.

















