തുറമുഖ അതോറിറ്റിയുടെ അധീനതയിലുള്ള എറണാകുളം വാർഫിലെ പ്രവർ‌ത്തനരഹിതമായ റെയില്‍ പാതയില്‍ നിന്ന് പാളങ്ങള്‍ മുറിച്ചു കടത്തിയവരെ എറണാകുളം സൗത്ത് ആർ.പി.എഫ് അറസ്റ്റ് ചെയ്തു.പാളങ്ങള്‍ മുറിക്കാനും കടത്താനും നേതൃത്വം നല്‍കിയ എറണാകുളം സ്വദേശികളായ താജുദ്ദീൻ, അഫ്സല്‍, അന്യസംസ്ഥാന തൊഴിലാളി ചന്ദ്രശേഖർ മാലിക്ക് എന്നിവരാണ് പിടിയിലായത്.

വാർഫില്‍ നിന്ന് മുറിച്ചു കടത്തിയ ഉരുക്കുപാളത്തിന്റെ 400 കഷണങ്ങളും കടത്താനുപയോഗിച്ച ലോറിയും പിടിച്ചെടുത്തു.‌തിങ്കളാഴ്ച രാത്രി ആലുവ മാർക്കറ്റിന് സമീപത്ത് നിന്നാണ് ലോറിയില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്ന ഇരുമ്പ് പാളങ്ങളുള്‍പ്പെടെ പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സൗത്ത് ആർ.പി.എഫ് സി.ഐ ബിനോയ് ആന്റണി പറഞ്ഞു. ലോറി റോഡരുകില്‍ ഒതുക്കി ഇട്ടിരിക്കുകയായിരുന്നു. പ്രതികളുടെ കുറ്റസമ്മത മൊഴിയെ തുടർന്ന് കളമശേരി എൻ.ഡി.എ റോഡില്‍ രണ്ടിടത്തായി കുറ്റിച്ചെടികള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചിരുന്ന കൂടുതല്‍ പാളങ്ങള്‍ കണ്ടെടുത്തു. പാളങ്ങള്‍ മുറിക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടറുകള്‍ ലോറിയില്‍ ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുറിച്ച പാളങ്ങള്‍ തമിഴ്നാട്ടില്‍ ആക്രിക്കടകളില്‍ വില്‍ക്കാൻ കൊണ്ടുപോകും വഴിയാണ് പ്രതികള്‍ പിടിയിലായത്. വാടക ലോറിയിലാണ് കടത്താൻ ശ്രമിച്ചത്. പ്രതികളില്‍ ഒരാളാണ് ഓടിച്ചത്. മൂന്നു പേരും വെല്ലിംഗ്ടണ്‍ ഐലൻഡിന്റെ ഭാഗമായ എറണാകുളം വാർഫില്‍ കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്തിട്ടുണ്ട്.പ്രതികളെ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാർഫിലെ ക്യു 9 ബെർത്ത് മുതല്‍ ടാറ്റാ ടെറ്റ്ലി വരെ 500 മീറ്റർ ഭാഗത്തെ ട്രാക്കാണ് സി.ഐ.എസ്.എഫിന്റെ ശ്രദ്ധയില്‍പ്പെടാതെ മുറിച്ച്‌ കഷണങ്ങളാക്കിയത്. തുറമുഖത്തിന് പിൻഭാഗത്ത് പൂട്ടിക്കിടക്കുന്ന ഗേറ്റില്‍ക്കൂടിയാണ് കടത്തിയത്. സി.സി ടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിച്ചേർന്നത്. അന്വേഷണത്തിനിടെ പ്രതികളെ കുറിച്ച്‌ പ്രദേശവാസികളില്‍ നിന്ന് സൂചന ലഭിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക