നിസാമാബാദ് ജില്ലയില്‍ ഭർത്താവിന്റെ ശരീരത്തില്‍ ടോയ്ലറ്റ് ക്ലീനർ ഐവി വഴി കുത്തിവെച്ച് കൊലപ്പെടുത്തി.കൊല്ലാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായി, നഴ്സായ ഭാര്യ ടോയ്ലറ്റ് ക്ലീനിംഗ് ലിക്വിഡ് ഇൻട്രാവീനസ് (IV) ലൈൻ വഴി കുത്തിവെക്കുകയായിരുന്നു. സന്ധ്യയുടെ ഭർത്താവായ പ്രശാന്താണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഭാര്യ സന്ധ്യ, കാമുകൻ അനില്‍, അനിലിന്റെ സുഹൃത്ത് വെങ്കട്ട് സായി എന്നിവർ അറസ്റ്റിലായി. ഇവർ മൂവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പോലീസിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം, സന്ധ്യയും പ്രശാന്തും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിനു പ്രധാന കാരണം സന്ധ്യയുടെ അനിലുമായുള്ള ബന്ധമായിരുന്നു. ഗള്‍ഫില്‍ നിന്ന് അടുത്തിടെ നാട്ടിലെത്തിയ പ്രശാന്ത് ഇവരുടെ ബന്ധത്തിന് തടസമാണെന്ന് കരുതി ഇയാളെ ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കിയതായാണ് കണ്ടെത്തല്‍.
ഇതിന്റെ ആദ്യ ശ്രമമായി, പ്രശാന്തിനെ മദ്യം നല്‍കി മയക്കിയ ശേഷം അനിലും വെങ്കട്ട് സായിയും ചേർന്ന് മർദ്ദിക്കുകയും വീടിന്റെ മുകളില്‍ നിന്ന് തള്ളി താഴെയിടുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റെങ്കിലും പ്രശാന്ത് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. മദ്യലഹരിയില്‍ നിന്നുള്ള അപകടമാണെന്ന് പറഞ്ഞ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

















