കുപ്രസിദ്ധ ഗുണ്ട മൂന്നു മാസം മുമ്പ് പീഡിപ്പിച്ച ദൃശ്യങ്ങള്‍ കാട്ടി യുവതിയെ വീണ്ടും ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍.മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പില് അട്ടാണി അനീഷ് (43), ഇയാളുടെ കൂട്ടാളി കൊല്ലം മയ്യനാട് സ്വദേശി ഫിറോസ് ഖാൻ (23) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടാമത്തെ പീഡനക്കേസിന്റെ മൊഴി എടുക്കുന്നതിനിടെയാണ് ആദ്യം അട്ടാണി അനീഷ് പീഡിപ്പിച്ച വിവരം യുവതി പോലീസിനെ അറിയിച്ചത്. കണ്ണൂർ സ്വദേശിനിയായ യുവതിയെ കഴിഞ്ഞ 21ന് എസ്‌ആർഎം റോഡിലെ ഹോട്ടലിലെത്തിച്ച് എംഡിഎം എ കുത്തിവച്ചശേഷം ഫിറോസ് ഖാൻ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
കലൂർ ജെഎൻയു സ്റ്റേഡിയത്തിനു സമീപത്തെ കടയില്‍ അർധരാത്രി ചായ കുടിക്കാനെത്തിയ യുവതിയെ ഫിറോസ് എസ്‌ആർഎം റോഡിലെ ലോഡ്ജിലേക്ക് കൂട്ടി കൊണ്ടുപോയി എംഡിഎംഎ കുത്തി വച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു. അട്ടാണി അനീഷ് മുമ്പ് മട്ടാഞ്ചേരിയിലെ വീട്ടില്‍ വച്ച് യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഫിറോസ് ഖാന് കൈമാറിയിരുന്നു. ഈ ദൃശ്യങ്ങള്‍ യുവതിയെ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
22 ന് പുലർച്ചെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവതി പരിചയക്കാരനായ സെക്യുരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് ഇയാള്‍ യുവതിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടർ അറിയിച്ച പ്രകാരം എറണാകുളം നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ അയ്യപ്പൻ കാവില്‍ നിന്ന് എസ്‌ഐമാരായ ഹരികൃഷ്ണൻ, പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫിറോസ് ഖാനെ തിങ്കളാഴ്ച അറസ്റ്റു ചെയ്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.അട്ടാണി അനീഷിന്റെ പേരില്‍ സിറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു കേസ് മട്ടാഞ്ചേരി പോലീസിന് കൈമാറി. അടുത്തിടെയാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മട്ടാഞ്ചേരി പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

















