കേന്ദ്രത്തില്‍ അയോധ്യ ഫണ്ട് തട്ടിപ്പ് കേസില്‍ നേതൃത്വം നട്ടം തിരിയിമ്പോള്‍ കേരളത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പു സമയത്തെ വെട്ടിപ്പാണ്.വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. ഇതോടെ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച്‌ അന്വേഷിക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം.

തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തില്‍ നിന്നും സൗജന്യമായി എത്തിച്ച കൊടിതോരണങ്ങള്‍ ഉള്‍പ്പെടെ മറിച്ചു വിറ്റു, ഓടാത്ത കാറിന്റെ പേരില്‍ തുകകള്‍ എഴുതിവാങ്ങി, എടുക്കാത്ത മുറിയുടെ പേരില്‍ തുക അടിച്ചുമാറ്റി എന്നിങ്ങനെ നീളുന്നു ആരോപണങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെല്ലാം ആക്കംകൂട്ടാൻ കൊടിതോരണങ്ങള്‍ വഴിവിട്ട് തയ്യാറാക്കിയതിന് ബിജെപി നേതാവിന് കമ്മീഷൻ കൊടുത്തതായി കമ്പനി പ്രതിനിധി പറയുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നു. പാർട്ടിപ്പതാകയും അനുബന്ധ സാമഗ്രികളും നിർമിച്ചതിന് ബിജെപി സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മിഷൻ വാങ്ങിയെന്ന പുതിയ ശബ്ദരേഖയാണ് പുറത്തുവന്നത്. കരാറിന്റെ ഇടനിലക്കാരനാണ് കമ്മിഷൻ നല്‍കിയതിന്റെ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ആകെ 1.62 കോടി രൂപയ്ക്കായിരുന്നു കരാർ. ഈ തുക മുഴുവൻ തരുമ്പോള്‍ സെക്രട്ടറിക്ക് കമ്മിഷനായി 31 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നു ശബ്ദരേഖയില്‍ പറയുന്നു. എന്നാല്‍ 4.65 ലക്ഷം രൂപ കരാറുകാരനു നല്‍കാനിരിക്കെ, സെക്രട്ടറി മുഴുവൻ കമ്മിഷൻ തുകയും കൈപ്പറ്റി. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഈ തുക തരാമെന്നായിരുന്നു സെക്രട്ടറിയുടെ ഉറപ്പ്. ഇപ്പോള്‍ വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കുന്നില്ല. തന്റെ ഉറപ്പിലാണ് കമ്പനി 31 ലക്ഷം രൂപ സെക്രട്ടറിക്കു നല്‍കിയത്. എത്രയും പെട്ടെന്ന് ബാക്കി തുക നല്‍കണം. താൻ ഇപ്പോള്‍ കമ്പനിയില്‍ മറുപടി പറയാൻ പറ്റാതെ നില്‍ക്കുകയാണെന്നും പ്രചാരണസമിതിയില്‍ ഉണ്ടായിരുന്ന മറ്റൊരു നേതാവുമായുള്ള സംഭാഷണത്തില്‍ ഇടനിലക്കാരൻ പറയുന്നുണ്ട്.

അതേസമയം വിവിധ ജില്ലകളില്‍ വ്യാപകമായി ഫണ്ട് വെട്ടിച്ചിട്ടും പാർട്ടി നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് എതിർചേരിയുടെ ആക്ഷേപം. എന്നാല്‍ സംസ്ഥാന അധ്യക്ഷൻ വിദേശത്ത് നിന്നെത്തിയ ശേഷം ഫണ്ട് തട്ടിച്ചവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക