ഇൻഡിക്കേറ്റർ ഇടാതെ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് തിരിച്ചു എന്നാരോപണം. ഓട്ടോ ഡ്രൈവറുടെ കാല്‍ ഹെല്‍മറ്റ് കൊണ്ട് തല്ലിയൊടിച്ച് ബൈക്ക് യാത്രികർ.ഓട്ടോ ഡ്രൈവറായ മറവൻതുരുത്ത് ഇലവുംപറമ്പില്‍ 30 കാരനായ ഇ.ആർ.അരുണിന്റെ വലതുകാലാണ് ഒടിച്ചത്. വൈക്കം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച അരുണിനെ വിദഗ്ധ ചികിത്സയ്ക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ രാവിലെ 10ന് മറവൻതുരുത്ത് പഞ്ചായത്ത് ജംക്‌ഷനിലാണു സംഭവം. പാലാംകടവില്‍ നിന്നു മറവൻതുരുത്തിലേക്കു വന്ന ഓട്ടോറിക്ഷ പഞ്ചായത്ത് ജംക്‌ഷനിലുള്ള ഓട്ടോ സ്റ്റാൻഡിലേക്കു തിരിക്കുന്നതിനിടെ അതേ ദിശയില്‍ പിന്നാലെ സ്കൂട്ടറില്‍ എത്തിയ ചുങ്കം സ്വദേശികളായ യുവാക്കളാണ് മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ വാഴത്തറയില്‍ ഫിറോസ് (19), കണ്ടത്തിപ്പറമ്പില്‍ ആദിത്യനാഥ് (21) എന്നിവർക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
കെഎസ്‌ആർടിസി ബസ് എതിരെ വന്ന ടോറസ് ടിപ്പർ ലോറിക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ടിപ്പർ ഡ്രൈവർ ബസ് ഡ്രൈവറെ മർദിച്ചതായാണ് മറ്റൊരു പരാതി. ഇന്നലെ രാവിലെ 10.45ന് വല്ലകം സബ്സ്റ്റേഷനു സമീപമാണ് സംഭവം. പാലായില്‍ നിന്നു വൈക്കത്തേക്കു വരികയായിരുന്ന ബസിന്റെ മുന്നില്‍ പോയ വാഹനം പെട്ടെന്നു ബ്രേക്കിട്ടതോടെ ബസും നിർത്തി. ഈ സമയം എതിരെ വന്ന ടോറസ് ലോറി ബസിനു കടന്നു പോകാൻ പറ്റാത്ത തരത്തില്‍ നിർത്തി. ഇരുവാഹനത്തിനും കടന്നുപോകാൻ പറ്റാതെ വന്നതോടെ ബസിലെ ഡ്രൈവറെ ലോറി ഡ്രൈവർ അസഭ്യം പറഞ്ഞു. ഇരു കൂട്ടരുടെയും വാക്കുതർക്കം കയ്യാങ്കളിയില്‍ എത്തിയതോടെ വിഷയത്തില്‍ യാത്രക്കാർ ഇടപെട്ടെങ്കിലും അവർക്കു നേരെയും ടിപ്പർ ഡ്രൈവർ അസഭ്യവർഷം നടത്തിയതായി ബസിലെ യാത്രക്കാർ പറഞ്ഞു.
യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തെ തുടർന്ന് തലയോലപ്പറമ്പ് വൈക്കം റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കയ്യാങ്കളിയില്‍ പരുക്കേറ്റ പാലാ ഡിപ്പോയിലെ ബസ് ഡ്രൈവർ ജോർജ് സെബാസ്റ്റ്യൻ(51) വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

















