മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലച്ച നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഉദ്ധവ് താക്കറെ ശിവസേന വിഭാഗത്തില്‍ നിന്ന് ആറ് എംപിമാരാണ് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയില്‍ എത്തിയത്.ഇതോടെ ‘ഓപ്പറേഷൻ ടൈഗർ’ പൂർണ്ണ വിജയം വരിച്ചതായി ഏക്നാഥ് ഷിൻഡെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇവിടംകൊണ്ടൊന്നും ഈ ഓപറേഷന്‍ തീരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാഴ്ച നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കാണ് ജൂണ്‍ 22ന് ഉച്ചയോടെ വിരാമമായത്. 2022ലെ ശിവസേന പിളർപ്പിന് നേതൃത്വം നല്‍കിയത് ഏക്നാഥ് ഷിൻഡെ ആയിരുന്നെങ്കില്‍, പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ മകനും എംപിയുമായ ഡോ. ശ്രീകാന്ത് ഷിൻഡെയാണ്.2024ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വൻ ഭൂരിപക്ഷം നേടിയതിന് തൊട്ടുപിന്നാലെ തന്നെ ഓപ്പറേഷനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്നാണ് വിവരം.
ശ്രീകാന്ത് ഷിൻഡെയുടെ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് എംപിമാരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകളിലും വിരുന്നുകളിലുമാണ് ഇതിന്റെ അടിത്തറ പാകിയത്. ഉദ്ധവ് താക്കറെയുടെ നേതൃത്വം ശിവസേന സ്ഥാപകൻ ബാല്‍സാഹിബ് താക്കറെയുടെ ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ചതായി ശ്രീകാന്ത് എംപിമാരെ ബോധ്യപ്പെടുത്തുകയായിരുന്നു.
വിമതരുമായി അടുത്ത ബന്ധം സ്ഥാപിച്ച ശ്രീകാന്ത്, പാർട്ടി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകള്‍ മുറുകിയതോടെ ക്യാമ്പ് ചെയ്താണ് നീക്കങ്ങള്‍ ഏകോപിപ്പിച്ചത്. ഉദ്ധവിന് എംപിമാരുമായും പ്രവർത്തകരുമായും നല്ല ബന്ധമില്ലെന്നാണ് വിമതർ ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷത്തിരുന്നാല്‍ മണ്ഡലത്തിലെ വികസന കാര്യങ്ങള്‍ മുടങ്ങുമോ എന്നും ഇവർ ഭയപ്പെട്ടു. ഭരണസഖ്യത്തിന്റെ ഭാഗമായാല്‍ മണ്ഡലകാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാമെന്നും ഇവർ കണക്കുകൂട്ടി. ഇതിനൊക്കെ വളം നല്‍കി ഷിൻഡെ ക്യാമ്പും പുറകിലുണ്ടായിരുന്നു.
ഈ പുതിയ രാഷ്ട്രീയ അട്ടിമറി എൻഡിഎ സഖ്യത്തിനുള്ളില്‍ ഏകനാഥ് ഷിൻഡെയുടെ സ്വാധീനം വൻതോതില്‍ വർദ്ധിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ ലോക്സഭാ എംപിമാർ ഇപ്പോള്‍ ഷിൻഡെ പക്ഷത്തിനുണ്ട്. ഒമ്പത് എംപിമാരാണ് ബിജെപിക്കുള്ളത്. ഷിൻഡെ വിഭാഗത്തിനാകട്ടെ ഏഴും. ആറ് വിമതർ കൂടി എത്തിയതോടെ 13 ആയി ഉയരുകയും ചെയ്തു. എൻഡിഎയിലെ നാലാമത്തെ വലിയ കക്ഷിയാകാനും ഷിന്‍ഡെ ശിവസേനക്കായി. സഖ്യ ചർച്ചകളില്‍ വലിയ സ്വാധീനം ഉറപ്പിക്കാൻ ഇതോടെ അവര്‍ക്കാകും.
ബിജെപി ഒറ്റയ്ക്ക് മത്സരിക്കാൻ സാധ്യതയുള്ള 2029ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഷിൻഡെയുടെ ഈ നീക്കങ്ങള്‍. അത്തരമൊരു സാഹചര്യമുണ്ടായാല്‍ തന്റെ പാർട്ടിയെ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ശക്തിയാക്കി മാറ്റാനും, ഭാവിയിലെ അധികാര പങ്കാളിത്ത ചർച്ചകളില്‍ മേല്‍ക്കൈ നേടാനും ഷിൻഡെക്ക് സാധിക്കും. അതാകട്ടെ ബിജെപിക്ക് ദഹിക്കാത്തതും ആണ്.
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയെന്ന ലക്ഷ്യം ഷിൻഡെക്ക് ഉണ്ടെന്ന് വ്യക്തമാണ്. ഇതിനായി രാഷ്ട്രീയ സ്വാധീനം ഇനിയും വ്യാപിപ്പിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. ദേവേന്ദ്ര ഫഡ്‌നാവിസിന് ശേഷം ബിജെപിയില്‍ ഭരണപരമായും സംഘടനാപരമായും അത്രയും പരിചയസമ്പന്നനായ മറ്റൊരു നേതാവില്ലെന്നതും ഷിൻഡെയുടെ അനുയായികള്‍ ചൂണ്ടിക്കാണിക്കുന്നു. അജിത് പവാറിന്റെ വിയോഗത്തോടെ, സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള മറാഠാ നേതാവായി സ്വയം പ്രതിഷ്ഠിക്കാനാണ് ഏകനാഥ് ഷിൻഡെ ഇപ്പോള്‍ ശ്രമിക്കുന്നത്.

















