നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ടില്‍ നിന്നും കോടികള്‍ കാണാതായെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, ബി.ജെ.പിയിലെ അന്വേഷണമുന നീളുന്നത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ വലംകൈയ്യായ പ്രമുഖ നേതാവിലേക്ക്.കേന്ദ്ര ഓഡിറ്റിംഗ് സംഘം കണ്ടെത്തിയ 12 കോടിയുടെ ഭീമമായ തിരിമറിക്ക് പിന്നില്‍ രാജീവ് പക്ഷത്തെ ഏറ്റവും വിശ്വസ്തനായ ഈ ഉന്നത നേതാവാണെന്നാണ് സൂചന.

എന്നാല്‍ തൊട്ടടുത്ത വലംകൈ നടത്തിപ്പോന്ന കോടികളുടെ സാമ്പത്തിക അഴിമതികളെക്കുറിച്ചും മൂക്കിന് താഴെ നടന്ന തട്ടിപ്പുകളെക്കുറിച്ചും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായ രാജീവ് ചന്ദ്രശേഖര്‍ ഒട്ടും അറിഞ്ഞിരുന്നില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഫണ്ട് വിനിയോഗത്തിനുമായി രാജീവ് ചന്ദ്രശേഖര്‍ ചുമതലപ്പെടുത്തിയത് തനിക്ക് ഏറ്റവും വിശ്വസ്തനായ നേതാവിനെയായിരുന്നു. ഈ വിശ്വാസത്തിന്റെ മറവിലാണ് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ അരങ്ങേറിയത്. വിദേശയാത്രയിലായതിനാല്‍ തട്ടിപ്പ് സംബന്ധിച്ച ആന്തരിക റിപ്പോര്‍ട്ടുകള്‍ രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് പരിശോധിച്ചിരുന്നില്ല.

കേന്ദ്ര ഓഡിറ്റ് സംഘം കേരളത്തിലെത്തി പ്രാഥമിക പരിശോധന നടത്തി വിവരങ്ങള്‍ അദ്ദേഹത്തിന് കൈമാറിയ ശേഷമാണ് വിശ്വസ്തന്‍ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച്‌ പ്രസിഡന്റും തിരിച്ചറിയുന്നത്. അടിയന്തരമായി വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിന് ശേഷമേ സംഭവത്തില്‍ ബി.ജെ.പി ഔദ്യോഗികമായി കൂടുതല്‍ നടപടികളിലേക്ക് കടക്കൂ.

വിവാദത്തിന് പിന്നാലെ, സംസ്ഥാന തട്ടകത്തില്‍ നിര്‍ണ്ണായക ചുമതലകള്‍ വഹിച്ചിരുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയുടെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.പി. അഞ്ജന രഞ്ജിത്തിനെ സംസ്ഥാന കമ്മിറ്റി ഓഫീസ് ചുമതലയില്‍ നിന്നും മാറ്റുകയും, തട്ടിയെടുത്ത 1.5 കോടി രൂപ ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ മേഖല സെക്രട്ടറി പള്ളിപ്പുറം വിജയകുമാര്‍, സംസ്ഥാന സമിതി അംഗം പങ്ങാപ്പാറ രാജീവ് എന്നിവരെയും ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 500 കോടിയോളം രൂപ കേന്ദ്രത്തില്‍ നിന്ന് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേവലം കൊടികളും ഫ്‌ലക്‌സുകളും വാങ്ങിയ വകയില്‍ മാത്രം ഒന്നരക്കോടി രൂപയുടെ ബില്ലുകള്‍ സമര്‍പ്പിച്ചത് കേന്ദ്ര ഓഡിറ്റിംഗ് സംഘത്തില്‍ വലിയ സംശയത്തിന് ഇടയാക്കി. ഇതിനുപുറമെയാണ് 12 കോടിയോളം രൂപയുടെ കണക്കുകളില്‍ വന്‍ അപാകതകള്‍ കണ്ടെത്തിയത്.

വാര്‍ത്തകള്‍ പുറത്തുവന്നതോടെ തട്ടിപ്പ് മൂടിവെക്കാനും പണം നിശബ്ദമായി തിരിച്ചടപ്പിച്ച്‌ കേസ് ഒതുക്കിത്തീര്‍ക്കാനും നീക്കം നടക്കുന്നുണ്ടെങ്കിലും, എല്‍.ഡി.എഫും കോണ്‍ഗ്രസും വിഷയത്തില്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശത്തുനിന്നും മടങ്ങിയെത്തുന്ന രാജീവ് ചന്ദ്രശേഖര്‍ സ്വന്തം വലംകൈയ്യായ നേതാവിനെതിരെ കര്‍ശന നടപടിയെടുക്കുമോ അതോ കേസ് ഒതുക്കിത്തീര്‍ക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക