എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങള്‍ക്കെതിരെ സി.പി.എം ശക്തമായി പ്രതികരിക്കേണ്ടതുണ്ടായിരുന്നുവെന്ന് മുൻ എം.പിയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ.എം ആരിഫ്.മുസ്‌ലിം ലീഗിനെ മാത്രമല്ല, മുഴുവൻ മുസ്‌ലിം സമുദായത്തെയും ലക്ഷ്യമിട്ടായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ അതിനെതിരെ പാർട്ടി നിലപാട് എടുത്തില്ലെന്നും ആരിഫ് പറഞ്ഞു.

പാർട്ടി നേതാക്കള്‍ പിന്നീട് അത് മുസ്‌ലിം ലീഗിനെതിരായ വിമർശനമായിരുന്നുവെന്ന് വിശദീകരിച്ചതോടെ വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നുവെന്ന ധാരണ പൊതുസമൂഹത്തില്‍ ഉണ്ടായി. ഇതിലൂടെ ന്യൂനപക്ഷ സംരക്ഷകരെന്ന പാർട്ടിയുടെ പ്രതിച്ഛായക്കും തിരിച്ചടിയേറ്റുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കായംകുളത്ത് പരാജയപ്പെട്ട എല്‍.ഡി.എഫ് സ്ഥാനാർഥി യു. പ്രതിഭ വെള്ളാപ്പള്ളിക്കെതിരെ വിമർശനം ഉന്നയിച്ചതിനെ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ തള്ളിയിരുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ലഭിച്ച സമുദായ വോട്ട് ഇത്തവണ നഷ്ടമായതിന്റെ കാരണം പ്രതിഭ തന്നെ വിശദീകരിക്കണമെന്നായിരുന്നു നാസറിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ആരിഫ് തുറന്ന വിമർശനവുമായി രംഗത്തെത്തിയത്. ഇതോടെ വെള്ളാപ്പള്ളി വിഷയത്തില്‍ ആലപ്പുഴയിലെ സി.പി.എമ്മിനുള്ളില്‍ ഭിന്നാഭിപ്രായമുണ്ടെന്ന സൂചന ശക്തമായി.

വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെതിരെ സംസ്ഥാന കമ്മിറ്റി തലത്തില്‍ കടുത്ത വിമർശനം ഉണ്ടായിരുന്നുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ജില്ലാ കമ്മിറ്റിയില്‍ അത് വ്യക്തമാക്കിയിരുന്നുവെന്നും ആരിഫ് പറഞ്ഞു. എന്നാല്‍ അതേ ശക്തിയില്‍ പൊതുസമൂഹത്തിനു മുന്നില്‍ പാർട്ടി പ്രതികരിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

ഔദ്യോഗികമായി ബി.ഡി.ജെ.എസിന്റെ ഭാഗമല്ലെങ്കിലും അതിന്റെ തീരുമാനങ്ങളില്‍ വെള്ളാപ്പള്ളിക്ക് നിർണായക സ്വാധീനമുണ്ടെന്ന് ആരിഫ് ചൂണ്ടിക്കാട്ടി. എന്നിട്ടും അദ്ദേഹത്തിന്റെ നിലപാടുകളെ ശക്തമായി തള്ളിക്കളയാൻ പാർട്ടി തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം ഒരാളില്‍ കേന്ദ്രീകരിച്ചതോടെ യു.ഡി.എഫിന്റെ ആക്രമണവും അതേ വ്യക്തിക്കെതിരെയായി മാറിയെന്നും അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വിലയിരുത്തി.

കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ. സുധാകരൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ആലപ്പുഴയില്‍ മൈക്കിനുമുന്നില്‍നിന്ന് അശ്ലീലം പറഞ്ഞിട്ടും തമാശയായാണ് കൈകാര്യം ചെയ്യപ്പെട്ടത്. അവർ തമ്മില്‍ പരസ്യമായി ഉണ്ടായ ഭിന്നത വേണ്ടവിധം ഉപയോഗിക്കാൻ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും ആരിഫ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക