മുഖ്യമന്ത്രിപ്പോരില്‍ വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തും.മാത്യു കുഴല്‍നാടന്‍റെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധമാണ് ലീഗില്‍ ഉയരുന്നത്. ലീഗ് നേതാക്കള്‍ പരസ്യമായി ഒരു കാര്യവും പറഞ്ഞില്ല എന്നിരിക്കെ മാത്യുവിന്‍റേത് അനവസരത്തിലുള്ള വിമർശനമെന്നാണ് ലീഗ് വ്യക്തമാക്കുന്നത്.

അതേസമയം, നാലു മന്ത്രിമാരെ കുറിച്ച്‌ ലീഗില്‍ ഏകദേശ ധാരണയായിട്ടുണ്ട്.പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെഎം ഷാജി, എൻ ഷംസുദ്ദീൻ എന്നിവര്‍ മന്ത്രിമാരാകും. അഞ്ചാം മന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷമാകും. വിദ്യാഭ്യാസ വകുപ്പിലെങ്കില്‍ ആരോഗ്യം അല്ലെങ്കില്‍ റവന്യു വകുപ്പ് വേണമെന്ന ആവശ്യമുയർത്താനാണ് ലീഗ് നീക്കം. അഞ്ചാം മന്ത്രിയില്‍ തർക്കവും തുടങ്ങിയിട്ടുണ്ട്. സ്റ്റാഫ്‌, ബോർഡ്‌ കോർപറേഷൻ നിയമനങ്ങള്‍ നിയന്ത്രിക്കാൻ പിഎംഎ സലാമിന്‍റെ നേതൃത്വത്തില്‍ സമിതിയുണ്ടാകും. പാർട്ടി അറിയാതെ നിയമനങ്ങള്‍ പാടില്ലെന്നാണ് നിബന്ധന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ജനവികാരം വി ഡി സതീശന് അനൂകൂലമാണെന്ന അഭിപ്രായം എഐസിസി നിരീക്ഷകരെ മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച്‌ തീരുമാനമെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ലീഗ് ഇടപെടരുതെന്ന നിലപാടുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. പിന്നാലെ മാത്യുവിനെ വിമര്‍ശിച്ച്‌ ഇരിക്കൂറില്‍ യൂത്ത് ലീഗ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു.

വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച്‌ മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നുമാണ് എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. പൊതുജനവികാരം നോക്കി വേണം തീരുമാനമെടുക്കാനെന്നും എംഎല്‍എമാരുടെ അഭിപ്രായത്തിനൊപ്പം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിക്കണമെന്നും ലീഗ് നേതൃത്വം അഭ്യര്‍ത്ഥിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി എം എ സലാം, ഹാരിസ് ബീരാന്‍ എന്നിവരാണ് എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയുടെ അഭിപ്രായം അറിയിച്ചെന്നും കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ലെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക