പാര്‍ട്ടി പറഞ്ഞാല്‍ കെ സി വേണുഗോപാലിന് മത്സരിക്കാൻ ആലപ്പുഴയില്‍ നിന്ന് മാറികൊടുക്കാമെന്ന് നിയുക്ത എംഎല്‍എ എ ഡി തോമസ്.അഭിപ്രായം നിരീക്ഷകര്‍ക്ക് മുന്നില്‍ തുറന്നുപറയാൻ കഴിഞ്ഞിട്ടുണ്ട്. ബൂത്ത് പ്രസിഡന്‍റ് മുതല്‍ എഐസിസി വരെ എല്ലാവര്‍ക്കും അഭിപ്രായം പറയാൻ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാവരുടെയും അഭിപ്രായങ്ങളും ആഗ്രഹങ്ങളും പ്രകടിപ്പിക്കാൻ കഴിയും. അതിലൊരു തെറ്റുണ്ടെന്ന് തോന്നുന്നില്ല.
കെസി മുഖ്യമന്ത്രിയായാല്‍ ആലപ്പുഴയില്‍ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം അഭ്യൂഹമാണല്ലോ എന്ന് എ ഡി തോമസ് പറഞ്ഞു. എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറയുന്നത് ചെയ്യുക എന്നാണ് എളിയ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രിയാരെന്ന് പറയാൻ വലിപ്പമുള്ള നേതാവല്ല താനെന്നും എ ഡി തോമസ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാല്‍, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ അരയും തലയും മുറുക്കിയിരിക്കുകയാണ്. എംഎല്‍എമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകള്‍. എന്നാല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും എം എല്‍ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോള്‍, കെ സി പക്ഷത്തിന്‍റെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വി ഡി പക്ഷവും ആർ സി പക്ഷവും പറയുന്നത്.
കെ സിക്ക് കൂട്ടമായി പിന്തുണ നല്‍കിയിരുന്ന എം എല്‍ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പില്‍ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷത്തിന്‍റെയും വാദം. 40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന്‍റെ കണക്ക് തെറ്റാണെന്ന് വി ഡി – ആർ സി പക്ഷങ്ങള്‍ വ്യക്തമാക്കി. 30 മുതല്‍ 35 വരെ എം എല്‍ എ മാരുടെ പിന്തുണ തങ്ങള്‍ക്കാണെന്നാണ് വി ഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്‍റെ അവകാശ വാദം.
അതിനിടയിലാണ് വി ഡി പക്ഷത്ത് നിന്നും മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നത്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ സതീശൻ മന്ത്രിയാകാനുമില്ലെന്ന് നിരീക്ഷകരെ അറിയിച്ചെന്ന വാർത്തകള്‍ വി ഡി ചേരി നിഷേധിച്ചു. മുഖ്യമന്ത്രി ആയില്ലെങ്കില്‍ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് വി ഡി പക്ഷം ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. അത്തരം നിലപാടുകള്‍ നിരീക്ഷകർക്ക് മുന്നില്‍ അല്ല പറയേണ്ടത് എന്നാണ് വിശദീകരണം. രാവിലെ താജ് ഹോട്ടലില്‍ എത്തിയ സതീശൻ, മുഖ്യമന്ത്രിയായില്ലെങ്കില്‍ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നിരീക്ഷകരെ അറിയിച്ചതായാണ് നേരത്തെ വാർത്തകള്‍ പുറത്തുവന്നത്. എം എല്‍ എമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശന്‍ അറിയിച്ചിട്ടുണ്ട്.

















