നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ. (തമിഴക വെട്രി കഴകം) ഉയർന്നതോടെ, പാർട്ടിയുടെ സ്ഥാപകനും നടനുമായ വിജയിയുടെ സ്വത്ത് വിവരങ്ങള്‍ വീണ്ടും ചർച്ചയാകുകയാണ്.മാർച്ച് 30-ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 27 പേജുള്ള സത്യവാങ്മൂലത്തില്‍ താരം സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതുപ്രകാരം, വിജയിയുടെ ആകെ ആസ്തി 624 കോടി രൂപയാണ്. ഇതില്‍ 404 കോടി രൂപ ജംഗമ സ്വത്തുക്കളും, 220 കോടി രൂപ സ്ഥാവര സ്വത്തുക്കളുമാണ്. 2024-25 സാമ്പത്തിക വർഷത്തില്‍, സ്വയംതൊഴില്‍, വാടക, പലിശ ലഭിച്ച വരുമാനം എന്നിവയിലൂടെ 184.53 കോടി രൂപയാണ് അദ്ദേഹം രേഖപ്പെടുത്തിയത്.
സത്യവാങ്മൂലത്തില്‍ ഏറ്റവും ആകർഷിക്കുന്ന കണക്കുകളിലൊന്ന് ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സാലിഗ്രാമം ശാഖയിലുള്ള സേവിംഗ്സ് അക്കൌണ്ടിലെ തുകയാണ്. 2026 മാർച്ച് 27 വരെ 213.36 കോടി രൂപയാണ് അക്കൌണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്. അതായത് വിജയിയുടെ മൊത്തം ആസ്തിയുടെ മൂന്നിലൊന്നിലധികവും ഈ അക്കൗണ്ടിലാണെന്ന് സാരം.
ഐഒബി സേവിംഗ്‌സ് അക്കൗണ്ടിന് പുറമെ, നാല് ബാങ്കുകളിലായി 100 കോടി രൂപയുടെ സ്ഥിര നിക്ഷേപങ്ങളും വിജയ്ക്കുണ്ട്. ആക്സിസ് ബാങ്കിൻ്റെ ഇന്ദിരാ നഗർ ശാഖയില്‍ 40 കോടി രൂപയും, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കോടമ്പാക്കം ശാഖയില്‍ 25 കോടി രൂപയും, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബസന്ത് നഗർ ശാഖയില്‍ 20 കോടി രൂപയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ശാസ്ത്രി നഗർ ശാഖയില്‍ 15 കോടി രൂപയുമാണ് ഉള്ളത്.
ഓഹരി വിപണിയില്‍ അധികം തുക നിക്ഷേപിച്ചിട്ടില്ല താരം. ജയ നഗർ പ്രോപ്പർട്ടി പ്രൈവറ്റ് ലിമിറ്റഡില്‍ 19.03 ലക്ഷം രൂപയുടെ ഓഹരികളും, ഇന്ത്യൻ ഓവർസീസ് ബാങ്കില്‍ 9,600 രൂപയുടെ ഓഹരികളും, സണ്‍ പേപ്പർ മില്‍ ലിമിറ്റഡില്‍ 25,000 രൂപയുടെ ഓഹരികളുമാണ് അദ്ദേഹത്തിനുള്ളത്. ആകെ 19.37 ലക്ഷം രൂപയുടെ ഈ ഓഹരി നിക്ഷേപം ആസ്തിയുടെ 0.04 ശതമാനത്തില്‍ താഴെയാണ്. മ്യൂച്വല്‍ ഫണ്ടുകളോ, ബോണ്ടുകളോ, ഡിബഞ്ചറുകളോ രേഖപ്പെടുത്തിയിട്ടില്ല.വിജയിയുടെ സ്ഥാവര സ്വത്തുക്കള്‍ക്ക് നിലവിലെ വിപണി വില 220 കോടി രൂപയാണ്. ഇവ നാല് പ്രധാന വിഭാഗങ്ങളിലായാണ് തരംതിരിച്ചിരിക്കുന്നത്.
നീലങ്കരൈ, സാലിഗ്രാമം, മൈലാപ്പൂർ, എഗ്മോർ, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി പത്ത് റെസിഡൻഷ്യല്‍ പ്രോപ്പർട്ടികളുണ്ട്. ഇവയുടെ ആകെ മൂല്യം ഏകദേശം 115 കോടി രൂപ വരും.വാണിജ്യ ആസ്തികളില്‍ പരിവാക്കം, ത്യാഗരായ നഗർ, ഷോളീംഗനല്ലൂർ, കൊപ്പൂർ എന്നിവിടങ്ങളിലെ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ഇവയുടെ ഏകദേശ മൂല്യം 82.8 കോടി രൂപയാണ്. ഏറ്റവും വലിയ ഒറ്റ വാണിജ്യ ആസ്തി, 2023 നവംബറില്‍ 35.81 കോടി രൂപക്ക് വാങ്ങിയ, കൊപ്പൂർ വില്ലേജിലുള്ള 2.30 ഏക്കർ സ്ഥലമാണ്.
പോരൂർ, സാലിഗ്രാമം, നീലങ്കരൈ എന്നിവിടങ്ങളിലായി 22 കോടി രൂപയുടെ കാർഷികേതര ഭൂമിയും അദ്ദേഹത്തിനുണ്ട്. പോരൂരിലെ പ്ലോട്ടിന് മാത്രം 33,955 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. കൂടാതെ, കൊടൈക്കനാലിലെ വില്‍പെട്ടി വില്ലേജില്‍ 1997-ല്‍ 15,000 രൂപ വീതം വിലയ്ക്ക് വാങ്ങിയ 0.25 ഏക്കർ വീതമുള്ള രണ്ട് കാർഷിക ഭൂമികളുമുണ്ട്. നിലവില്‍ ഓരോന്നിനും 10 ലക്ഷം രൂപ വീതം മൂല്യം കണക്കാക്കുന്നുണ്ട്. ഈ സ്വത്തുക്കളില്‍ നിന്നുള്ള വാടക വരുമാനം 2024-25 സാമ്പത്തിക വർഷത്തിലെ സജീവ വരുമാന സ്രോതസ്സായിട്ടാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജയ നഗർ പ്രോപ്പർട്ടി പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായും വിജയിയെ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
13.52 കോടി രൂപയാണ് വിജയിയുടെ വാഹന ശേഖരത്തിൻ്റെ ആകെ മൂല്യം. ഇതില്‍, 2024 ടൊയോട്ട ലെക്സസ് 350 (3.01 കോടി രൂപ), 2015 ടാറ്റ കാരവൻ (6 കോടി രൂപ), 2024 ബിഎംഡബ്ല്യു i7 (2 കോടി രൂപ), 2014 ടൊയോട്ട വെല്‍ഫെയർ (1.63 കോടി രൂപ), 2020 ബിഎംഡബ്ല്യു 530 (80.54 ലക്ഷം രൂപ), 2024 മാരുതി സ്വിഫ്റ്റ് (5.35 ലക്ഷം രൂപ), 2025 ടിവിഎസ് എക്സ്‌എല്‍ സൂപ്പർ (67,400 രൂപ) എന്നിവ ഉള്‍പ്പെടുന്നു.
1.20 കോടി രൂപ വിലമതിക്കുന്ന 883 ഗ്രാം സ്വർണ്ണവും 15 ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും വിജയ്ക്കുണ്ട്. ഭാര്യ സംഗീതയ്ക്കാകട്ടെ 4.07 കോടി രൂപ വിലയുള്ള 3,132 ഗ്രാം സ്വർണ്ണവും, 4.75 ലക്ഷം രൂപയുടെ 2 കിലോ വെള്ളിയും, 1 കോടി രൂപ വിലമതിക്കുന്ന 134.91 കാരറ്റ് വജ്രങ്ങളും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
സത്യവാങ്മൂലത്തില്‍ വ്യക്തികള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, ട്രസ്റ്റുകള്‍ക്കും, കമ്പനികള്‍ക്കുമായി നല്‍കിയ 14 വ്യത്യസ്ത വായ്പകളും മുൻകൂർ പണവും ഉള്‍പ്പെടെ 75.5 കോടി രൂപയുടെ വിവരങ്ങളുണ്ട്. എ.എല്‍.പി. ആന്റോണിയസ് ബ്രിട്ടോക്ക് 20 കോടി, കോകിലംബാള്‍ എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന് 20 കോടി, ഭാര്യ സംഗീത വിജയ്ക്ക് 12.60 കോടി, വിദ്യാ ചാരിറ്റബിള്‍ ട്രസ്റ്റിന് 5.84 കോടി, വി. രവിചന്ദ്രന് 5 കോടി, എൻ. ആനന്ദിന് 3 കോടി, ഗ്രീൻ ലീപ് ഇൻഫോടെക്കിന് 2.34 കോടി എന്നിവയാണ് വലിയ തുകകള്‍. കുടുംബാംഗങ്ങളായ ജേസണ്‍ സഞ്ജയിക്ക് 8.78 ലക്ഷം, ദിവ്യ സഷയ്ക്ക് 4.60 ലക്ഷം രൂപയും വായ്പ നല്‍കിയിട്ടുണ്ട്.
വിജയിയുടെ ഭാര്യ സംഗീതയ്ക്ക് 15.76 കോടി രൂപയുടെ ആസ്തികളാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 15.51 കോടി രൂപ ജംഗമ സ്വത്തുക്കളാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ബസന്ത് നഗർ ശാഖയില്‍ 10 കോടി രൂപയുടെ സ്ഥിര നിക്ഷേപവും 43.41 ലക്ഷം രൂപയുടെ സേവിംഗ്‌സ് അക്കൗണ്ട് ബാലൻസും ഇതില്‍പ്പെടുന്നു. കൂടാതെ, 25 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളും സംഗീതയുടെ പേരിലുണ്ട്.

















