തമിഴ്‌നാട്ടില്‍ ചെറുകക്ഷികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാൻ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്.കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാർട്ടികളെ ഒപ്പം കൂട്ടാനാണ് വിജയ്‍യുടെ നീക്കം. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് അകലമുള്ള സാഹചര്യത്തില്‍ സർക്കാരുണ്ടാക്കാൻ വിജയ് ചടുല നീക്കത്തിലാണ്.തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ഞെട്ടിക്കുന്ന മുന്നേറ്റമാണ് നടത്തിയത് .
ഡിഎംകെയെ തകർത്തെറിഞ്ഞാണ് സംസ്ഥാനത്ത് ടിവികെയുടെ കുതിപ്പുണ്ടായത്. വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാനുള്ള 118 സീറ്റുകളുടെ മാന്ത്രിക ഭൂരിപക്ഷത്തിലേക്ക് എത്താനായില്ല.
ഈ സാഹചര്യത്തില്‍ ടിവികെ ആർക്കൊപ്പം ചങ്ങാത്തം കൂടുമെന്ന ചോദ്യമാണ് ഉയരുന്നത്. നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയ്ക്ക് തമിഴ്നാടിൻ്റെ അധികാരം പിടിക്കണമെങ്കില്‍ ഡിഎംകെ അല്ലെങ്കില്‍ എഐഎഡിഎംകെയുമായി കൈകോർക്കണം. ഡിഎംകെയെ ശത്രുപക്ഷത്ത് നിലനിർത്തിയിരിക്കുന്ന വിജയ് കൂട്ടുകെട്ടിന് ഒരുക്കമാകില്ല. കോണ്‍ഗ്രസില്‍ നിന്ന് പിന്തുണ തേടാൻ കഴിയുമോ എന്നതില്‍ ചർച്ചകള്‍ തുടരുകയാണ്.
രാഹുല്‍ ഗാന്ധി വിജയ്‌യെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. രണ്ടാമതായി ഇടത് പാർട്ടികളെ ഒപ്പം നിർത്താനാണ് ടിവികെ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇടത് നേതാക്കളെ വിജയ് പുകഴ്ത്തി സംസാരിച്ചിരുന്നു. ഈ നീക്കമൊന്നും വിജയിച്ചില്ലെങ്കില്‍ മാത്രമാകും. എഐഎഡിഎംകെയുമായി കൈകോർക്കാൻ ടിവികെ തയാറാകുക. ബിജെപിയുമായി രാഷ്ട്രീയ വൈരമുള്ള ടിവികെ അവരുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയോട് അടുക്കാൻ സാധ്യത കുറവാണ്. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന നിബന്ധനയടക്കം വിജയ് മുന്നോട്ട് വെക്കുന്നുണ്ട്. വിജയുടെ മുന്നേറ്റം തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന്‍റെ സൂചനയാണ്.എന്നാല്‍ വിജയ് എടുക്കുന്ന തീരുമാനം തമിഴ്നാടിന്‍റെ രാഷ്ട്രീയ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ നിർണായകമാകും എന്നതില്‍ തർക്കമില്ല.

















