സംസ്ഥാനമൊട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും തൃശ്ശൂര്‍ ജില്ലയിലെ മണലൂരില്‍ സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായ അട്ടിമറിയായിരുന്നു.യുഡിഎഫിന്റെ പ്രമുഖ നേതാവായ ടി.എന്‍. പ്രതാപന്‍ വെറും 126 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി. രവീന്ദ്രനാഥിനോട് പരാജയപ്പെട്ടത്.

വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും സസ്‌പെന്‍സ് നിലനിര്‍ത്തിയ മണലൂരില്‍ മുന്‍ മന്ത്രി കൂടിയായ രവീന്ദ്രനാഥ് 65,337 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതാപന് 65,211 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. കെ.കെ. അനീഷ് കുമാര്‍ 38,125 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. പത്ത് വര്‍ഷമായി ഇടതുപക്ഷം അടക്കിവാഴുന്ന മണലൂര്‍ തിരിച്ചുപിടിക്കാമെന്ന ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു ടി.എന്‍. പ്രതാപനെങ്കിലും അവസാന നിമിഷം ഫലം കൈവിട്ടുപോകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ തോല്‍വിയില്‍ അപരന്‍ പിടിച്ച വോട്ടുകള്‍ നിര്‍ണ്ണായകമായി മാറി. പ്രതാപന്റെ അപരനായ എ. പ്രതാപന്‍ 184 വോട്ടുകളാണ് നേടിയത്. ഇത് പ്രതാപന്റെ തോല്‍വി ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ്. അതേസമയം രവീന്ദ്രനാഥിന്റെ അപരന്‍ കെ. രവീന്ദ്രനാഥ് 234 വോട്ടുകളും നോട്ട 676 വോട്ടുകളും നേടി. കൂടാതെ ആം ആദ്മി പാര്‍ട്ടി 330 വോട്ടും എസ്ഡിപിഐ 1031 വോട്ടും പിടിച്ചു. പി.എ. മാധവന്‍, വി.എം. സുധീരന്‍ തുടങ്ങിയ കോണ്‍ഗ്രസ് കരുത്തര്‍ പ്രതിനിധീകരിച്ചിരുന്ന മണലൂര്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുരളി പെരുനെല്ലിയുടെ നേതൃത്വത്തില്‍ സിപിഎം ഉറപ്പിച്ചെടുത്ത കോട്ടയായിരുന്നു. 2021-ല്‍ മുരളി പെരുനെല്ലി മുപ്പതിനായിരത്തോളം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ പ്രതാപന്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഫലം വന്നപ്പോള്‍ അത് നേരിയ പരാജയമായി മാറുകയായിരുന്നു.

തപാല്‍ വോട്ടുകള്‍ റീകൗണ്ട് ചെയ്യണമെന്ന് യുഡിഎഫ്

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മണലൂരിലെ തപാല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. മണ്ഡലത്തിലെ തപാല്‍ വോട്ടുകള്‍ ക്രമാതീതമായി അസാധുവാക്കപ്പെട്ടതില്‍ അസ്വാഭാവികതയുണ്ടെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതാപന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് സി.സി. ശ്രീകുമാര്‍ വ്യക്തമാക്കി.

160 പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അസാധുവാക്കപ്പെട്ടത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തിയ ബാലറ്റിനൊപ്പം അതിന്റെ കൗണ്ടര്‍ ഫോയില്‍ കൂടി അയക്കാന്‍ പോളിംഗ് ഓഫീസര്‍മാര്‍ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചതാണ് ഇത്രയധികം വോട്ടുകള്‍ നഷ്ടമാകാന്‍ കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. തപാല്‍ വോട്ടുകള്‍ റീകൗണ്ടിങ് നടത്തണമെന്നും അതുവരെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തരുതെന്നും വരണാധികാരിയോട് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക