കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേത് പോലെ ജനങ്ങള്‍ ഞെട്ടിയൊരു ഫലമായിരുന്നു തമിഴ്നാട്ടിലേത്.നിലവില്‍ ഭരിച്ചിരുന്ന എംകെ സ്റ്റാലിനും ഡിഎംകെയും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ഏവരേയും ഞെട്ടിച്ചു. ഒപ്പം ടിവികെയിലൂടെ ദളപതി വിജയ് എന്ന രാഷ്ട്രീയക്കാരന്റെ ഉദയവും.
108 സീറ്റുകള്‍ നേടിയാണ് വിജയ് തമിഴ്നാട് പിടിച്ചടക്കിയത്. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്ക് തുടക്കമായെന്നാണ് പുറത്തുവരുന്ന വിവരം. തതവസരത്തില്‍ വിജയിയ്ക്ക് എതിരെ നിരന്തരം ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും നടത്തുന്ന നടിയും മുൻ ബിഗ് ബോസ് താരവുമായ ജൂലി പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
പ്രതിപക്ഷത്ത് ഡിഎംകെ ആണെന്നും അത് എത്രത്തോളം അപകടകരമാണെന്ന് വരും ദിവസങ്ങളില്‍ വിജയ്ക്ക് മനസിലാകുമെന്നും ജൂലി പറയുന്നു. അടിയുണ്ടാക്കി ശീലമുള്ളവരാണ് ഡിഎംകെ എന്നും ഇനിയും അതിന് തങ്ങള്‍ തയ്യാറാണെന്നും പറഞ്ഞ ജൂലി, ഇനിയുള്ള കളികള്‍ ഗോദയില്‍ കാണാമെന്ന് പറഞ്ഞ് വിജയിയെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്.
“ജൂലിയെ കാണാനില്ലെന്ന് പറഞ്ഞ് പോസ്റ്ററുകള്‍ വരെ വരുന്നുണ്ടല്ലോ. ഞാൻ ഒരിടത്തും പോയില്ല. ഇവിടെ തന്നെയുണ്ട്. രാഷ്ട്രീയത്തില്‍ ആർക്കും നിരന്തരമായ വിജയവും പരാജയും ഇല്ല. അത് മനസിലാക്കിയിട്ടുള്ളവരാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. തോറ്റെന്ന് കരുതി ഞങ്ങള്‍ വിഷമിച്ചിരിക്കില്ല. ഞങ്ങള്‍ക്ക് ജയിച്ചതിനെക്കാള്‍ കൂടുതല്‍ പ്രതിപക്ഷത്ത് ഇരുന്നാണ് ശീലം. ഇതിപ്പോള്‍ ആദ്യമായിട്ടല്ലേ നിങ്ങള്‍(വിജയ്) രാഷ്ട്രീയത്തില്‍ വന്നിരിക്കുന്നത്. പ്രതിപക്ഷത്ത് ഡിഎംകെ ഇരിക്കുമ്പോള്‍ അത് എത്രത്തോളും അപകടകരമെന്ന് ഇനിയാണ് നിങ്ങള്‍ക്ക് മനസിലാകാൻ പോകുന്നത്. അടിയുണ്ടാക്കി ശീലമുള്ളവരാണ് ഞങ്ങള്‍. ഇനിയും അതിന് ഞങ്ങള്‍ തയ്യാറാണ്. വാങ്കേ.. കളത്തില്‍ വച്ച് കാണാം. നിങ്ങളുടെ വിജയം കണ്ടു. അഭിനന്ദനങ്ങള്‍. ഇനിമേ താ ആട്ടം സൂപ്പറ സൂട് പിടിക്ക പോകത്”, എന്നായിരുന്നു ജൂലിയുടെ വാക്കുകള്‍.
ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ജൂലിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് എതിരെയും സംഗീത നല്‍കിയ ഡിവോഴ്സ് ഹർജിയും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പലപ്പോഴും ജൂലി വീഡിയോകള്‍ ചെയ്തിരുന്നു. രൂക്ഷ വിമർശനങ്ങളായിരുന്നു അപ്പോഴെല്ലാം വിജയ്ക്ക് നേരെ ജൂലി ഉയർത്തിയത്. തെരഞ്ഞെടുപ്പില്‍ വിജയ് ജയിക്കില്ലെന്നും അദ്ദേഹത്തിന് വോട്ടിടാൻ നില്‍ക്കുന്നവർക്ക് സമ്മതിദാന അവകാശം നഷ്ടമാകുമെന്നുമെല്ലാം ഒരു സീരീസ് വീഡിയോയില്‍ ജൂലി പറഞ്ഞിരുന്നു.

















