ഭാരതത്തിന്റെ കിഴക്കൻ കരുത്തായ പശ്ചിമ ബംഗാളില്‍ ആര് ഭരണത്തിലേറുമെന്നറിയാനുള്ള നിർണായകമായ വോട്ടെണ്ണല്‍ ആരംഭിച്ചു.തൃണമൂലും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടിയ മാമാങ്കത്തില്‍ 293 സീറ്റുകളിലേക്കുള്ള ജനവിധിയാണ് ഇന്ന് പുറത്തുവരുന്നത്.
മൂന്നര പതിറ്റാണ്ട് നീണ്ട ഇടതുഭരണത്തെ കടപുഴക്കി എറിഞ്ഞ ബംഗാളിന്റെ മണ്ണില്‍, ഇക്കുറി തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തക തകർത്ത് ബിജെപി ചരിത്രവിജയം നേടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ക്യുആർ കോഡ് തിരിച്ചറിയല്‍ രേഖകളുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് കൗണ്ടിംഗ് സെന്ററുകളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് (92.47%) ഇത്തവണ ബംഗാളില്‍ രേഖപ്പെടുത്തിയത്. ഇത് സംസ്ഥാനത്ത് പ്രകടമായ ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രത്യേകിച്ച്, വോട്ടർ പട്ടികയിലെ ക്രമക്കേടുകള്‍ പരിഹരിക്കാനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ സ്പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ (SIR) വഴി ഏകദേശം 90 ലക്ഷത്തോളം വ്യാജ വോട്ടർമാരെ ഒഴിവാക്കിയത് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിർണ്ണായകമാകും.
നുഴഞ്ഞുകയറ്റക്കാരെയും വ്യാജ വോട്ടർമാരെയും വോട്ടർപട്ടികയില്‍ നിന്ന് പുറത്താക്കിയ നടപടി രാജ്യസുരക്ഷയ്ക്കും ജനാധിപത്യത്തിന്റെ ശുദ്ധീകരണത്തിനും അത്യന്താപേക്ഷിതമാണെന്ന നിലപാടിലാണ് ദേശീയവാദികള്‍. ഈ വോട്ട് ശുദ്ധീകരണം തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ഭയന്ന മമത ബാനർജിയും സംഘവും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്രമക്കേട് നടക്കാൻ സാധ്യതയുണ്ടെന്ന ആരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
ബംഗാളിലെ ഈ നിർണ്ണായക പോരാട്ടത്തില്‍ 165 അഡീഷണല്‍ ഒബ്‌സർവർമാരെയും 77 പോലീസ് ഒബ്‌സർവർമാരെയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ നേരിട്ട വൻ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കോണ്‍ഗ്രസും ഇടത് പാർട്ടികളും സാന്നിധ്യമറിയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പോരാട്ടം പ്രധാനമായും ബിജെപിയും ടിഎംസിയും തമ്മിലാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ അത് ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ സുവർണ്ണ അധ്യായമായി മാറും. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ ലഭിക്കുന്ന സൂചനകള്‍ ഇരുപക്ഷത്തെയും മുള്‍മുനയില്‍ നിർത്തുകയാണ്.

















