കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന ധർമ്മടം മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ അപ്രതീക്ഷിത കുതിപ്പുമായി യുഡിഎഫ്.വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായ വാർത്തയാണ് പുറത്തുവരുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുല്‍ റഷീദ് 733 വോട്ടുകള്‍ക്ക് ഇവിടെ ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകത്തില്‍ തുടക്കത്തിലുണ്ടായ ഈ പിന്നോട്ടുപോക്ക് ഇടത് കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.എല്‍ഡിഎഫ് ഭരണസമിതിയിലുള്ള ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്ക് വ്യക്തമായ ആധിപത്യം ലഭിച്ച ഈ മേഖലയില്‍ ഇത്തവണ യുഡിഎഫ് മുന്നേറുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയായിട്ടുണ്ട്.
പോസ്റ്റല്‍ വോട്ടുകള്‍ക്ക് പിന്നാലെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോഴാണ് യുഡിഎഫ് ലീഡ് നില ഉയർത്തിയത്. സംസ്ഥാനത്തുടനീളം എല്‍ഡിഎഫ്-യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനിടെ, മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഈ മാറ്റം ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
ആദ്യ റൗണ്ടിലെ ഫലസൂചനകള്‍ മാത്രമാണിതെന്നും വരും റൗണ്ടുകളില്‍ ചിത്രം മാറുമെന്നുമാണ് എല്‍ഡിഎഫ് പ്രവർത്തകർ നല്‍കുന്ന വിശദീകരണം. എന്നാല്‍ മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. വരും മണിക്കൂറുകളില്‍ മറ്റു പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിയുന്നതോടെ ധർമ്മടത്തെ യഥാർത്ഥ ചിത്രം വ്യക്തമാകും. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ഫലസൂചനകള്‍ പുറത്തുവരുന്നതിനിടെ കേരളത്തിലെ ഈ പോരാട്ടം അതീവ നിർണ്ണായകമാണ്.

















