പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്ക് അന്ത്യം കുറിക്കാൻ ഉത്തർപ്രദേശില്‍ നിന്നുള്ള എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് എത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പാളയത്തില്‍ പരിഭ്രാന്തി.ബംഗാളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ യുപി കേഡർ ഐപിഎസ് ഓഫീസർ അമിതാഭ് യഷ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് നല്‍കിയ കടുത്ത മുന്നറിയിപ്പാണ് ഇപ്പോള്‍ ദേശീയതലത്തില്‍ ചർച്ചയാകുന്നത്.
‘അതിര് കടന്നാല്‍ വിവരം അറിയും’ തിരഞ്ഞെടുപ്പ് നടപടികള്‍ തടസ്സപ്പെടുത്താനോ വോട്ടർമാരെ ഭീഷണിപ്പെടുത്താനോ ശ്രമിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമിതാഭ് യഷ് തൃണമൂല്‍ സ്ഥാനാർത്ഥിയോട് നേരിട്ട് പറഞ്ഞു. ‘ഇപ്പോള്‍ ഞാൻ പറയുന്നത് കേള്‍ക്കുക, പിന്നീട് കരയരുത്’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യുപിയില്‍ മാഫിയാ രാജിന് അന്ത്യം കുറിച്ച യോഗി ആദിത്യനാഥിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥന്റെ വരവ് ബംഗാളിലെ അക്രമ രാഷ്ട്രീയത്തിന് തടയിടുമെന്നാണ് വിലയിരുത്തല്‍.
അമിതാഭ് യഷിന്റെ ഇടപെടലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ബിജെപിയെ സഹായിക്കാനാണ് ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതെന്നാണ് മമത ബാനർജിയുടെ പാർട്ടിയുടെ ആരോപണം. എന്നാല്‍, ക്രിമിനലുകളെയും അക്രമികളെയും ഭയപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ നിലപാടിനെ സോഷ്യല്‍ മീഡിയയില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ പിന്തുണയ്ക്കുന്നു.
യുപി പോലീസിലെ എഡിജി (ലോ ആൻഡ് ഓർഡർ) ആയ അമിതാഭ് യഷ്, കൊടും കുറ്റവാളികളെയും മാഫിയ തലവന്മാരെയും നിലയ്ക്കുനിർത്തുന്നതില്‍ പേരെടുത്ത ഉദ്യോഗസ്ഥനാണ്. വികാസ് ദുബെയെ പോലുള്ള ക്രിമിനലുകളെ തുരത്തുന്നതില്‍ നിർണ്ണായക പങ്കുവഹിച്ച ഇദ്ദേഹത്തെ ബംഗാളിലേക്ക് അയച്ചത് അക്രമം തടയാനുള്ള കേന്ദ്രത്തിന്റെ കൃത്യമായ നീക്കമായാണ് കരുതപ്പെടുന്നത്.
ബംഗാളില്‍ ഓരോ ഘട്ടത്തിലും തൃണമൂല്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നു എന്ന പരാതികള്‍ക്കിടയില്‍, നിയമം കൈയ്യിലെടുക്കുന്നവർക്ക് യുപി മോഡല്‍ മറുപടി ലഭിക്കുമെന്ന സൂചനയാണ് അമിതാഭ് യഷിന്റെ വാക്കുകള്‍ നല്‍കുന്നത്.

















