പശ്ചിമ ബംഗാളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ കോടിക്കണക്കിന് രൂപ വരുന്ന പാർട്ടി ഫണ്ടും മറ്റ് ആസ്തികളും ആർക്ക് ലഭിക്കുമെന്നതില്‍ ചർച്ച.നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയില്‍ ഉണ്ടായ വലിയ പിളർപ്പോടെ പണത്തിനും ആസ്തികള്‍ക്കും അവകാശി ആരെന്ന ചോദ്യമാണ് ഉയരുന്നത്.

തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിയും മറ്റ് സംഭാവനകള്‍ വഴിയും ആറ് വർഷം കൊണ്ട് 2475 കോടി രൂപയാണ് പാർട്ടിക്ക് വരുമാനമായി കിട്ടിയത്. ഇതിന് പുറമെ കൊല്‍ക്കത്തയിലടക്കം പാർട്ടി ഓഫീസുകളടക്കം ആസ്തികളുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃണമൂല്‍ കോണ്‍ഗ്രസ് 2025 ഒക്ടോബർ 13 ന് സമർപ്പിച്ച ആദായനികുതി റിട്ടേണുകളില്‍ 2024-25 സാമ്പത്തിക വർഷത്തില്‍ ആകെ 219.3538 കോടി രൂപ വരുമാനം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മെയ് 27 ന് പ്രസിദ്ധീകരിച്ച അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടില്‍, 36 പ്രാദേശിക പാർട്ടികളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന പാർട്ടികളില്‍ തെലുങ്കുദേശം പാർട്ടിക്ക് ശേഷം രണ്ടാം സ്ഥാനത്താണ് തൃണമൂല്‍.

കഴിഞ്ഞ വർഷം തൃണമൂലിന് 184.08 കോടി രൂപ സംഭാവനയായി ലഭിച്ചു. സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശയായി 33.685 കോടി രൂപയും ലഭിച്ചു. 2023-24 സാമ്പത്തിക വർഷത്തില്‍ ടിഎംസിക്ക് 646.293 കോടി രൂപ ലഭിച്ചിരുന്നു. സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നതുവരെ, 2019 ഏപ്രില്‍ മുതല്‍ 2024 ജനുവരി വരെ 1,609.5 കോടി രൂപയാണ് മമത ബാനർജിയുടെ പാർട്ടിക്ക് കിട്ടിയത്. 2025-26 സാമ്പത്തിക വർഷത്തെ വരുമാന കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.

പശ്ചിമ ബംഗാളില്‍ ടിഎംസിയുടെ ഭൂരിഭാഗം എംഎല്‍എമാരും (80-ല്‍ 58 പേർ) വിമത പക്ഷത്തേക്ക് മാറിയിട്ടുണ്ട്. ലോക്‌സഭ-രാജ്യസഭ എംപിമാർ കൂട്ടത്തോടെ രാജിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ഔദ്യോഗിക പാർട്ടി വിഭാഗം തങ്ങളാണെന്നും പാർട്ടി ഫണ്ടും ഓഫീസുകളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും വിമത വിഭാഗങ്ങള്‍ വാദിച്ചേക്കാം. നേരത്തെ മഹാരാഷ്ട്രയില്‍ ശിവസേനയിലും എൻസിപിയിലും ഉണ്ടായ പിളർപ്പിന് സമാനമായ സാഹചര്യമാണ് ബംഗാളിലും രൂപപ്പെടുന്നത്. അന്ന് ഭൂരിപക്ഷം തെളിയിച്ച വിമത വിഭാഗങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ പേരും ചിഹ്നവും അനുവദിച്ചത്. ടിഎംസിയിലും ഇത് ആവർത്തിച്ചാല്‍ മമതാ ബാനർജിക്ക് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകളുടെ മേലുള്ള നിയന്ത്രണം പൂർണ്ണമായും നഷ്ടമാകും.

ഈ സാഹചര്യം മുന്നില്‍ കണ്ടാണ് മമത ബാനർജിയും നീക്കങ്ങള്‍ നടത്തുന്നത്. പാർട്ടി ഫണ്ട് വിമതരുടെ കൈകളില്‍ എത്താതിരിക്കാൻ മമതാ ബാനർജിയോട് വിശ്വസ്തത പുലർത്തുന്നവർ നീക്കങ്ങള്‍ തുടങ്ങിയെന്ന് പശ്ചിമ ബംഗാളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. പാർട്ടിയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനോ, ഫണ്ട് കൈമാറുന്നത് തടയാനുമുള്ള നിയമപരമായ സാധ്യതകളാണ് മമത ബാനർജിയും സംഘവും ഇപ്പോള്‍ പരിശോധിക്കുന്നത്. ജനപ്രതിനിധികളുടെയും പാർട്ടി ഭാരവാഹികളുടെയും ഭൂരിപക്ഷം കണക്കാക്കി ഏത് വിഭാഗമാണ് യഥാർത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക.

പാർട്ടി ചിഹ്നവും പേരും ആർക്ക് ലഭിച്ചാലും, നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളിലെ പണം പിൻവലിക്കാൻ ആർക്കാണ് അവകാശമെന്നതില്‍ നിയമപോരാട്ടത്തിനും സാധ്യതയുണ്ട്. രാഷ്ട്രീയ അധികാരം നഷ്ടപ്പെട്ടതിനൊപ്പം പശ്ചിമ ബംഗാളില്‍ പാർട്ടിക്കുണ്ടായിരുന്ന ശക്തമായ സാമ്പത്തിക അടിത്തറയും മമതയ്ക്ക് നഷ്ടമാകുമോ എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. തൃണമൂലില്‍ നിന്ന് വേർപിരിഞ്ഞ രണ്ട് ഗ്രൂപ്പുകളും ഇതുവരെ ചിഹ്നത്തില്‍ അവകാശം ഉന്നയിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടില്ലെന്നതാണ് മമത ക്യാമ്പിന് ആശ്വാസം നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക