തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങള്‍ക്ക് ഇരയായ പാർട്ടി പ്രവർത്തകരെ കാണാനെത്തിയപ്പോള്‍ ആയിരുന്നു സംഭവം.സൗത്ത് 24 പർഗാനാസിലെ സോനാപൂരില്‍ വെച്ച് അഭിഷേക് ബാനർജിക്ക് നേരെ ചീമുട്ടയെറിഞ്ഞു. അദ്ദേഹത്തിന്‍റെ ഷർട്ട് വലിച്ചുകീറി.
പിന്നില്‍ ബിജെപിയാണെന്ന് അഭിഷേക് ബാനർജി ആരോപിച്ചു. ശക്തമായി അപലപിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ബംഗാള്‍ സർക്കാറും കേന്ദ്രസർക്കാറും പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട തൃണമൂല്‍ പ്രവർത്തകന്‍റെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അഭിഷേക് ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേകിന് നേരെ തടിച്ചുകൂടിയ ജനക്കൂട്ടം ‘ചോർ, ചോർ’ (കള്ളൻ, കള്ളൻ) എന്ന് മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ധരിക്കുന്ന ഹെല്‍മറ്റ് വച്ചാണ് അദ്ദേഹത്തെ ആള്‍ക്കൂട്ടത്തില്‍ നിന്ന് പുറത്തുകൊണ്ടുവന്നത്.
അതേസമയം സംഭവത്തിന് പിന്നില്‍ ഭരണകക്ഷിയാണെന്ന തൃണമൂല്‍ നേതാക്കളുടെ ആരോപണം ബിജെപി തള്ളി. മുട്ടയേറിലോ കയ്യേറ്റത്തിലോ ബിജെപിക്ക് യാതൊരു പങ്കുമില്ല. കഴിഞ്ഞ 15 വർഷമായി സംസ്ഥാനം തൃണമൂല്‍ എങ്ങനെയാണ് ഭരിച്ചതെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. അക്രമത്തിന് ഇരകളായ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് പൊലീസും അധികൃതരുമാണ്. തൃണമൂലിന് യാതൊരു ധാർമ്മികമോ രാഷ്ട്രീയമോ ആയ അവകാശമില്ലെന്നാണ് ബംഗാള്‍ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ പ്രതികരണം.
“അവർ എന്നോട് എന്താണ് ചെയ്തതെന്ന് നോക്കൂ. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്. ഈ പ്രദേശത്ത് പൊലീസുകാരില്ല. എന്നെ കൊല്ലാനാണ് അവർ ശ്രമിക്കുന്നത്. പൊലീസ് കൂടുതല്‍ സേനയെ അയച്ച് ഇരകളുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത് വരെ ഞാൻ ഈ സ്ഥലം വിട്ടുപോകില്ല”- അഭിഷേക് ബാനർജി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയൻ ആക്രമണത്തെ ശക്തമായി അപലപിച്ചു. “തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കൊലപ്പെടുത്തിയ തൃണമൂല്‍ പ്രവർത്തകന്‍റെ കുടുംബത്തെ സന്ദർശിക്കാൻ പോയതായിരുന്നു രാജ്യത്തെ രണ്ടാമത്തെ വലിയ പ്രതിപക്ഷ പാർട്ടിയുടെ പ്രധാന നേതാവ്. അവിടെവെച്ച് ബിജെപി പ്രവർത്തകർ ചേർന്ന് അഭിഷേക് ബാനർജിയെ ക്രൂരമായി ആക്രമിച്ചു. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണ്. എവിടെയാണ് പൊലീസ്? വോട്ടെണ്ണല്‍ ദിവസം എന്തുകൊണ്ടാണ് സുരക്ഷ പിൻവലിച്ചത്? ഇതിന് ആഭ്യന്തരമന്ത്രി മറുപടി പറയണം”- ഡെറക് ഒബ്രയൻ ആവശ്യപ്പെട്ടു.

















