നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്ത് കേസില്‍ സിപിഎം പുറത്താക്കിയ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം.ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് തീരുമാനം. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലാണ് ജില്ല സെക്രട്ടേറിയറ്റ് ചേർന്ന് തീരുമാനമെടുത്തത്.
പാർട്ടിയില്‍ തിരിച്ചെടുക്കാൻ നേരത്തെ അപേക്ഷ നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പരിഗണിച്ചിരുന്നില്ല. ഷാനവാസിന് ആശ്രമം ലോക്കല്‍ കമ്മിറ്റിയിലും ആലപ്പുഴ ഏരിയ കമ്മിറ്റിയിലും അംഗത്വം നല്‍കാൻ ശുപാർശ നല്‍കിയിട്ടുണ്ട്.
തിരിച്ചെടുക്കുന്നതിന് മുൻപ് തന്നെ ഷാനവാസ് ആലപ്പുഴ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തില്‍ മല്‍സരിച്ചു ജയിച്ചിരുന്നു. ഷാനവാസിന്റെ പേരിലുള്ള ലോറിയില്‍നിന്ന് 2023 ജനുവരിയില്‍ കരുനാഗപ്പള്ളിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നു. സംസ്‌ഥാന നേതൃത്വം നിർദേശിച്ച അന്വേഷണത്തെ തുടർന്ന് ഷാനവാസിനെ പാർട്ടി പുറത്താക്കുകയായിരുന്നു.
മറ്റൊരാള്‍ തന്റെ ലോറി വാടകയ്‌ക്ക് എടുത്ത രേഖകള്‍ ഹാജരാക്കിയാണ് ഷാനവാസ് കേസില്‍ നിന്ന് ഒഴിവായത്. ഷാനവാസ് ഇപ്പോള്‍ നല്ല കമ്യൂണിസ്റ്റാണെന്ന് തിരത്തെടുപ്പ് കാലത്ത് ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.

















