കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നല്‍കിയ സംഭവത്തില്‍ യുവതിയും കാമുകനും ക്വട്ടേഷൻ സംഘവും പോലീസ് പിടിയില്‍.ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ കാമുകനെയും 11 അംഗ ക്വട്ടേഷൻ സംഘത്തെയും പിന്നാലെ യുവതിയേയും പോലീസ് അറസ്റ്റു ചെയ്തു. ലിംഗാപുരം ഗ്രാമത്തിലെ ഈശ്വർ റെഡ്ഡിയുടെ പരാതിയിലാണ് ഭാര്യ ശില്‍പയും കാമുകൻ നാഗസുധീറും ക്രിമിനല്‍ സംഘവും അറസ്റ്റിലായത്.
സംഭവം ഇങ്ങനെ- ഈശ്വർറെഡി-ശില്‍പ ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടെ ശില്‍പ പ്രൊദ്ദത്തൂർ സർക്കാർ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജമ്മലമടുഗു സ്വദേശിയായ നാഗസുധീറുമായി പരിചയത്തിലായി. വിവാഹിതനായ നാഗസുധീറുമായുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഈ ബന്ധമറിഞ്ഞ ഈശ്വർ റെഡ്ഡി പലതവണ ശില്‍പയെ വിലക്കിയെങ്കിലും അവർ ബന്ധം തുടർന്നു.
തങ്ങളുടെ ബന്ധത്തിന് ഭർത്താവ് തടസമാണെന്ന് കരുതിയ ശില്‍പ, നാഗസുധീറുമായി ചേർന്ന് ഈശ്വർ റെഡ്ഡിയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. ഗുണ്ടാനേതാവ് വിനയുമായി നാഗസുധീർ ബന്ധപ്പെട്ടു. വിനയ് വഴി സത്യസായി ജില്ലയിലെ ഹിന്ദുപുരില്‍ നിന്നുള്ള സംഘത്തിന് ഈശ്വർ റെഡ്ഡിയെ കൊല്ലാൻ 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നല്‍കി.
പണം സംഘടിപ്പിക്കുന്നതിനായി ശില്‍പ തന്റെ 14 പവൻ സ്വർണാഭരണങ്ങള്‍ നാഗസുധീറിന് നല്‍കിയെന്ന് പോലീസ് പറയുന്നു. കുറച്ച് സ്വർണാഭരണങ്ങള്‍ വിറ്റും പണയംവച്ചും 5 ലക്ഷം രൂപ ക്വട്ടേഷൻ സംഘത്തിന് അഡ്വാൻസായി നല്‍കി. ബാക്കി തുക കൊലപാതകത്തിന് ശേഷം നല്‍കാമെന്നും കരാറിലെത്തി. നാഗസുധീർ വഴി ശില്‍പ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ക്വട്ടേഷൻ സംഘം പ്രൊദ്ദത്തൂരിലെത്തി ഈശ്വർ റെഡ്ഡിയെ നിരീക്ഷിച്ചു.
ബൈപ്പാസ് റോഡില്‍ വച്ച് ഈശ്വർ റെഡ്ഡി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ സംഘം കാറിടിപ്പിച്ചു. താഴെ വീണ അദ്ദേഹത്തെ കുത്തിക്കൊല്ലാൻ ശ്രമിച്ചെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കേസ് റജിസ്റ്റർ ചെയ്ത പോലീസ് ശില്‍പ റെഡ്ഡി, നാഗസുധീർ എന്നിവരെയും മറ്റ് സംഘാംഗങ്ങളെയും അറസ്റ്റു ചെയ്യുകയായിരുന്നു.






