കുട്ടനാട് എം.എല്‍.എ. റെജി ചെറിയാന്റെ ഔദ്യോഗിക വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.നെടുമുടി ആശാരിപറമ്പില്‍ സുനീഷിനാണ് (22) പരിക്കേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ എ.സി. റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനീഷിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് സുനീഷ്.
അതേസമയം, അപകടത്തിന് പിന്നാലെ എം.എല്‍.എ. ഒളിവില്‍ പോയത് മദ്യപാനം ഒളിപ്പിക്കാനാണെന്ന ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ. രംഗത്തെത്തി. അപകടസമയത്ത് എം.എല്‍.എ. മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഡി.വൈ.എഫ്.ഐ. നേതാവ് ജെയിംസ് സാമുവല്‍ ആരോപിച്ചു. അമിതവേഗത്തില്‍ എത്തിയ ബൈക്ക് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് റെജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍ അപകടം നടന്ന സമയത്ത് എംഎല്‍എയാണ് വാഹനം ഓടിച്ചതെന്നും എംഎല്‍എ മദ്യപിച്ചിരുന്നെന്നും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ജെയിംസ് സാമുവല്‍ ആരോപിച്ചു. പോലീസ് എത്തുന്നതിനുമുമ്പ് അപകടസ്ഥലത്ത് നിന്ന് എംഎല്‍എ പോയെന്നും എംഎല്‍എയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ഡിവൈഎഫ്‌ഐ നേതാവ് ആവശ്യപ്പെട്ടു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എംഎല്‍എ വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് താന്‍ സ്ഥലത്തുനിന്ന് പോയതെന്നും അപകടത്തില്‍പ്പെട്ടയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവരെ താന്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. അപകട ശേഷവും എംഎല്‍എ സ്ഥലത്തുണ്ടായിരുന്നു എന്നതിന് തെളിവായി ചില ദൃശ്യങ്ങളും അദ്ദേഹത്തിന്റെ അനുയായികള്‍ പുറത്തുവിട്ടു. ചമ്പക്കുളം ജലമേളയില്‍ പങ്കെടുത്ത ശേഷം ആലപ്പുഴയിലേക്ക് വരികയായിരുന്നു എം.എ.ല്‍.എ. റെജി ചെറിയാന്‍. ഈ സമയം ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു സുനീഷ്. ചമ്പക്കുളത്തുവെച്ച് കാറും ബൈക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുനീഷ് റോഡിലേക്ക് തെറിച്ചുവീഴുകയും തലയിലുണ്ടായിരുന്ന ഹെല്‍മറ്റ് ഊരിപ്പോകുകയും ചെയ്തു.
റോഡില്‍ ചോര വാര്‍ന്നുകിടന്ന യുവാവിനെ ഉടന്‍ തന്നെ ചമ്പക്കുളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എം.എല്‍.എ.യുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുമ്പോള്‍, തന്റെ ഭാഗത്ത് പിഴവില്ലെന്നാണ് എം.എ.ല്‍.എ.യുടെ വിശദീകരണം.
അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എം.എല്‍.എ.യെ കണ്ടെത്താനാകാത്തതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിക്ക് നടന്ന അപകടത്തിന് ശേഷം ഇന്ന് രാവിലെ എട്ട് മണിയാകുമ്പോള്‍ പന്ത്രണ്ട് മണിക്കൂര്‍ പിന്നിടുകയാണ്. ശരീരത്തില്‍ നിന്നും മദ്യത്തിന്റെ അംശം പൂര്‍ണ്ണമായി മാറുന്നതുവരെ എം.എല്‍.എ. മാറിനില്‍ക്കുകയാണെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ ആരോപണം.
‘അപകടമുണ്ടാക്കിയ ഉടന്‍ എം.എല്‍.എ. സ്ഥലത്തുനിന്ന് മുങ്ങിയത് വൈദ്യപരിശോധന ഭയന്നാണ്. രക്തത്തില്‍ നിന്ന് മദ്യത്തിന്റെ അംശം മാറുമ്പോള്‍ അദ്ദേഹം പുറത്തുവരുമായിരിക്കും. എം.എല്‍.എ.യെ അടിയന്തരമായി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണം. പോലീസ് ഭരണകക്ഷി ഒത്തുകളി അവസാനിപ്പിക്കാന്‍ തയ്യാറാകണം.’-ഇതാണ് ഡിവൈഎഫ് ഐ ആവശ്യം.
യു.ഡി.എഫ്. ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവായ റെജി ചെറിയാന്റെ വാഹനാപകടവും അതിനെത്തുടര്‍ന്നുള്ള ഒളിവില്‍ പോകലും ജില്ലയില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

















