കോഴിക്കോട് നഗരത്തില്‍ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തെ പൊലിസ് പിടികൂടി. ഇരിങ്ങാടൻപള്ളിയിലെ ലോഡ്ജില്‍ ചേവായൂർ പൊലിസും ഡാൻസാഫും (DANSAF) ചേർന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് യുവതിയടക്കം മൂന്ന് പേർ വലയിലായത്.
108 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബേപ്പൂർ സ്വദേശി അമല്‍ കുമാർ, പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശിനി കാമ്യക റീജു എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു പരിശോധന.
ലഹരി മാഫിയയുടെ രീതികൾ:
പൊലിസിന്റെ സംശയം ഒഴിവാക്കാൻ യുവതിയുടെ പേരില്‍ ലോഡ്ജുകളില്‍ മുറിയെടുക്കുന്നതാണ് ഇവരുടെ രീതി. ഇരിങ്ങാടൻപള്ളിയിലെ ലോഡ്ജിലും ഇതേ തന്ത്രമാണ് പ്രതികള്‍ പയറ്റിയത്.പിടിച്ചെടുത്ത 108 ഗ്രാം എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി നഗരത്തിലെ വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും എത്തിച്ചു നല്‍കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.പിടിയിലായ അമല്‍ കുമാർ മുൻപും നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. ബേപ്പൂർ, മാറാട്, മെഡിക്കല്‍ കോളേജ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
അന്വേഷണ സംഘം:
കുറച്ചു ദിവസങ്ങളായി ഡാൻസാഫ് സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു ഈ സംഘം. ഡാൻസാഫ് എസ്.ഐ മനോജ് എടയടത്ത്, ചേവായൂർ എസ്.ഐമാരായ ഏലിയാസ് വി.കെ, ബിജു എ.വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.

















