മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകൻ ഓടിച്ച ഥാർ എസ്യുവി അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചു. ശിവ്പുരി ജില്ലയിലെ കരേരയില്‍ വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ബിജെപി എംഎല്‍എ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധിയാണ് വാഹനമോടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം അവരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമാണ് ഇയാള്‍ ചെയ്തത്.
അമിതവേഗതയില്‍ പാഞ്ഞെത്തിയ ‘എംഎല്‍എ’ വാഹനം
രാവിലെ 7:30-ഓടെ ജോലിക്കായി ബൈക്കില്‍ പോകുകയായിരുന്ന മൂന്ന് യുവാക്കളെയും നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളെയുമാണ് ദിനേഷ് ലോധി ഇടിച്ചുതെറിപ്പിച്ചത്. എംഎല്‍എയുടെ മകൻ ഓടിച്ചിരുന്ന കറുത്ത ഥാർ എസ്യുവിയുടെ മുന്നിലും പിന്നിലും ‘പ്രീതം ലോധി’, ‘എംഎല്‍എ’ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരുന്നു.
ബൈക്ക് യാത്രക്കാരായ സഞ്ജയ് പരിഹാർ, ആശിഷ് പരിഹാർ, അൻഷുല്‍ പരിഹാർ എന്നിവർക്കും കാല്‍നടയാത്രക്കാരായ സീതാ വർമ്മ, പൂജ സോണി എന്നിവർക്കുമാണ് പരിക്കേറ്റത്.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇവർക്ക് തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായ പരിക്കുണ്ട്.പരിക്കേറ്റവർ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
‘എന്തുകൊണ്ട് റോഡില്‍ നിന്ന് മാറിയില്ല?’
അപകടത്തിന് പിന്നാലെ വാഹനത്തില്‍ നിന്നിറങ്ങിയ ദിനേഷ് ലോധി പരിക്കേറ്റവരോട് ക്രൂരമായാണ് പെരുമാറിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. “ഞാൻ സൈറണ്‍ മുഴക്കിയിട്ടും നിങ്ങള്‍ എന്തുകൊണ്ട് റോഡില്‍ നിന്ന് മാറിയില്ല?” എന്നായിരുന്നു ഇയാളുടെ ചോദ്യം. സംഭവത്തിന്റെ വീഡിയോ പകർത്തിയ നാട്ടുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്.
നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന് എംഎല്‍എ
സംഭവം വിവാദമായതോടെ പ്രതികരണവുമായി എംഎല്‍എ പ്രീതം ലോധി രംഗത്തെത്തി. തനിക്ക് കുടുംബത്തേക്കാള്‍ വലുത് പൊതുജനമാണെന്നും മകനായാലും നിയമത്തിന് മുന്നില്‍ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. “നിയമം അതിന്റെ വഴിക്ക് പോകട്ടെ, ഇരകള്‍ക്ക് നീതി ലഭിക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തില്‍ കരേര പൊലിസ് ദിനേഷ് ലോധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭരണകക്ഷി എംഎല്‍എയുടെ മകൻ ഉള്‍പ്പെട്ട സംഭവമായതിനാല്‍ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.

















