സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാനും എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എച്ച്‌ സലാമിനുമെതിരെ രൂക്ഷവിമര്‍ശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായിരുന്ന ജി സുധാകരന്‍.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട് രണ്ടുപേരും കൂടിയാലോചിച്ച്‌ അവരുടെ പൊളിറ്റിക്കല്‍ ക്രിമിനല്‍ ഫിലോസഫിക്ക് അനുസൃതമായിട്ടാണ് പ്രസ്താവന ഇറക്കിയതെന്ന് ജി സുധാകരന്‍ പറഞ്ഞു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് സുധാകരന്റെ ഭാര്യയുടെ അക്കൗണ്ടിലുണ്ടായിരുന്ന 50 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയത് എന്തിനാണെന്ന എച്ച്‌ സലാമിന്റെ ചോദ്യത്തിനും ജി സുധാകരന്‍ മറുപടി നല്‍കി. തന്റെ സ്വത്തിനെക്കുറിച്ച്‌ അന്വേഷണ ഏജന്‍സികള്‍ക്ക് അന്വേഷിക്കാമെന്നും ഒപ്പം മേല്‍പ്പറഞ്ഞ ചങ്ങാതികളുടെ സ്വത്തിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എനിക്ക് എന്റെ എംഎല്‍എ പെന്‍ഷനും 10 വര്‍ഷ മന്ത്രി ശമ്പളവും ആണ് ചിലവ് കഴിച്ചു സമ്പാദ്യം. എന്റെ ഭാര്യയ്ക്ക് 31 വര്‍ഷം കോളേജ് അധ്യാപിക എന്ന നിലയ്ക്ക് സര്‍വീസില്‍ യുജിസി ശമ്പളവും പെന്‍ഷനും ഒപ്പം അവര്‍ക്ക് ലഭിച്ച ഗ്രാറ്റിവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവയാണ് സമ്പാദ്യം. ഞങ്ങളുടെ സമ്പാദ്യങ്ങള്‍ മകന്റെ പേരില്‍ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ മൗലിക അവകാശമാണ്. സ്വകാര്യത ഭരണഘടനയിലെ മൗലിക അവകാശമാണ് എന്നുകൂടി അറിയിക്കട്ടെ. ഏക മകന്‍ 19 വര്‍ഷമായി പ്രവാസിയാണ്. അതിലുള്ള സമ്പാദ്യം അവനും ഭാര്യക്കും ഉണ്ട്’, ജി സുധാകരന്‍ മറുപടി നല്‍കി.

പാര്‍ട്ടിയുടെ ഭാരം ഒഴിഞ്ഞുവെന്ന സലാമിന്റെ പ്രസ്താവനയോടും ജി സുധാകരന്‍ പ്രതികരിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ചെറിയാനും, സലാമും കൂട്ടാളികളും നടത്തിയ ക്രിമിനല്‍ ഗൂഢാലോചനകളും ആക്ഷേപങ്ങളും തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്തു തള്ളാനുള്ള ശ്രമങ്ങള്‍ ആയിരുന്നു എന്ന് ഇപ്പോള്‍ ഈ ‘ഭാരമൊഴിയല്‍’ പ്രയോഗം വഴി വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു സുധാകരന്റെ പ്രസ്താവന. രാഷ്ട്രീയ ക്രിമിനല്‍ കുറ്റങ്ങള്‍ അവര്‍ ഓരോന്നായി വിളംബരം ചെയ്യുകയാണ്. പാര്‍ലമെന്റിലെ തിരിച്ചടി, പഞ്ചായത്തിലെ തിരിച്ചടി, ഇനി നാലാം തീയതി ബാക്കിയുള്ള തിരിച്ചടി. അവരുടെ ഭാഷയില്‍ ഒരു മറുപടിയും നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക