ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റ്. നിതിനെ ഭീഷണിപ്പെടുത്തിയ ഓണ്‍ലൈൻ ലോണ്‍ ആപ്പ് സംഘത്തിലെ മൂന്ന് പേരെ ഉത്തർപ്രദേശിലെ നോയിഡയില്‍ നിന്ന് സൈബർ പൊലിസ് പിടികൂടി.’ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോണ്‍ ആപ്പിന്റെ നടത്തിപ്പുകാരാണ് പിടിയിലായത്. ഇവരെ കണ്ണൂരിലെത്തിച്ചു. പ്രതികളില്‍ നിന്ന് നിരവധി സിം കാർഡുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും പൊലിസ് കണ്ടുകെട്ടിയിട്ടുണ്ട്.

ഭീഷണിയും മാനസിക പീഡനവും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിതിൻ രാജിന്റെ മരണത്തിന് പിന്നില്‍ ലോണ്‍ മാഫിയയുടെ ശക്തമായ ഭീഷണിയുണ്ടായിരുന്നതായി പൊലിസ് സ്ഥിരീകരിച്ചു.”ഞാൻ പാവമാണ്” എന്ന് നിതിൻ മറുപടി നല്‍കിയിട്ടും 8000 രൂപ അടിയന്തരമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘം നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു.

നിതിനെ മാത്രമല്ല, കോളേജ് അധ്യാപികയെയും സംഘം വിളിച്ച്‌ ഭീഷണിപ്പെടുത്തി. ഇതേക്കുറിച്ച്‌ അധ്യാപിക പ്രിൻസിപ്പലിന് പരാതി നല്‍കിയിരുന്നു.ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പല്‍ നിതിനെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

‘അന്വേഷണം അട്ടിമറിക്കാൻ നീക്കം’: കുടുംബം രംഗത്ത്

ലോണ്‍ ആപ്പ് സംഘത്തെ പിടികൂടിയെങ്കിലും, മരണത്തിന് പിന്നിലെ ജാതി അധിക്ഷേപം ഉള്‍പ്പെടെയുള്ള മറ്റ് കാരണങ്ങള്‍ മൂടിവെക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന് കുടുംബം സംശയിക്കുന്നു.

“അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് നിതിൻ പണമെടുത്തത്. ഇക്കാര്യം വീട്ടില്‍ അറിയാമായിരുന്നു. എന്നാല്‍ ലോണ്‍ മാഫിയയുടെ ഭീഷണിയെക്കുറിച്ച്‌ കോളേജ് അധികൃതർ ഞങ്ങളെ അറിയിച്ചില്ലെന്ന്.”നിതിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം ലോണ്‍ ആപ്പിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനാണെന്ന് ആരോപിച്ച ബന്ധുക്കള്‍, ഡിജിപിയെ നേരില്‍ കണ്ട് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. ജാതി അധിക്ഷേപവും ലോണ്‍ മാഫിയയുടെ ഭീഷണിയും ഒരുപോലെ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക