തനിക്ക് 5,000 ബിജെപി വോട്ടുകള്‍ ലഭിക്കുമെന്ന അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കുരുങ്ങി കോണ്‍ഗ്രസും ബിജെപിയും.എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത കണ്‍വെൻഷനില്‍ സുധാകരൻ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്.

എന്നാല്‍ സുധാകരന്റെ പ്രസ്താവനയെ പരിഹാസത്തോടെയാണ് ബിജെപി നേരിടാൻ ശ്രമിക്കുന്നത്. സുധാകരൻ പൊട്ടിക്കുന്നത് ഉണ്ടയില്ലാ വെടിയാണെന്ന് ബിജെപി നോർത്ത് ജില്ലാ സെക്രട്ടറി പികെ ബിനോയ് വ്യക്തമാക്കി. ഇത് വെറും മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രമാണെന്നും ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയും കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ നേടിയ 22,389 വോട്ടുകള്‍ക്ക് മുകളില്‍ ഇത്തവണ വോട്ട് നേടുക ബിജെപിക്ക് അഭിമാനപ്രശ്നമായിരിക്കെയാണ് സുധാകരന്റെ പ്രസ്താവന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് സിപിഎം-ബിജെപി രഹസ്യ ധാരണയുണ്ടെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതിനിടെയാണ് തങ്ങള്‍ പിന്തുണ നല്‍കുന്ന സ്ഥാനാർത്ഥി തന്നെ ബിജെപി വോട്ടുകളില്‍ പ്രതീക്ഷ വയ്ക്കുന്ന രീതിയിലുള്ള പരമാർശങ്ങള്‍ ഉയർത്തി പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ആർഎസ്‌എസുകാരെയല്ല മറിച്ച്‌ തന്റെ വ്യക്തിപ്രഭാവം കണ്ട് വോട്ട് ചെയ്യുന്ന സാധാരണ ബിജെപി പ്രവർത്തകരെയാണ് താൻ ഉദ്ദേശിച്ചതെന്ന് പിന്നീട് സുധാകരൻ തിരുത്തിയെങ്കിലും വിവാദം തണുത്തിട്ടില്ല.

വ്യക്തിപരമായ മികവ് നോക്കി വോട്ട് ചെയ്യുന്നവർ എല്ലാ പാർട്ടിയിലുമുണ്ടെന്നും അത്തരക്കാരുടെ വോട്ടാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു. അതേസമയം, നിലവിലെ എംഎല്‍എ എച്ച്‌ സലാം സുധാകരന്റെ പ്രസ്താവനയെ യുഡിഎഫ്-ബിജെപി കൂട്ടുക്കെട്ടിന്റെ തെളിവായിട്ടാണ് ഉയർത്തിക്കാട്ടുന്നത്.

അമ്പലപ്പുഴ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ജി സുധാകരന്റെ പേരിലാണ്. 2011ല്‍ അദ്ദേഹം നേടിയ 63,728 വോട്ടുകള്‍ എന്ന റെക്കാഡ് ഇന്നും തകർക്കപ്പെടാതെ നിലനില്‍ക്കുന്നുണ്ട്. ഇത്തവണ ഏകദേശം 90,000 വോട്ടുകളാണ് സുധാകരൻ ലക്ഷ്യമിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക