നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്തുനാള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണങ്ങള്‍ ശക്തമാക്കുകയാണ് മുന്നണികള്‍.ഇതിനിടെ ഡീല്‍ ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയൊരു ആരോപണവും സിപിഎമ്മിനെതിരെ ഉയരുന്നുണ്ട്. ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവമാണ് ഇപ്പോള്‍ ചർച്ചയാകുന്നു മറ്റൊരു പ്രധാന വിഷയം.
സ്മാരകം തകർത്തത് സിപിഎം അറിവിടെയെന്നാണ് ജി സുധാകരൻ ആരോപിച്ചത്. ഇതോടെ വിഷയം സജീവമായി ചർച്ച ചെയ്യുകയാണ് ബിജെപിയും കോണ്‍ഗ്രസും. സ്മാരകം തകർത്ത കേസ് സജി ചെറിയാന് വേണ്ടി രമേശ് ചെന്നിത്തല അട്ടിമറിച്ചുവെന്നാണ് ഹരിപ്പാട്ട് എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പ്രതികരിച്ചത്. എന്നാല്‍ രമേശ് ചെന്നിത്തല അങ്ങനെ ചെയ്യുന്ന ആളല്ല എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സജി ചെറിയാൻ. സിപിഎം കുറ്റക്കാരെങ്കില്‍ അറസ്റ്റ് ചെയ്യാമായിരുന്നില്ലേയെന്നും അന്ന് പാർട്ടിയുടെ നേതാവ് ജി സുധാകരൻ ആയിരുന്നില്ലേ എന്നും സജി ചെറിയാൻ ചോദിച്ചു. ജി സുധാകരൻ അറിയാതെ ഒന്നും നടക്കില്ല എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
കൃഷ്ണപിള്ള സ്മാരകം തകർത്തത് നാട്ടിലെ സാമൂഹ്യവിരുദ്ധരാണ്. നാട്ടില്‍ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു. അതിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരാണെന്ന് പ്രചരിപ്പിച്ചു. യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആഭ്യന്തരവകുപ്പ് ശ്രമിച്ചതെന്നും സജി ചെറിയാൻ ആരോപിച്ചു.
അന്വേഷിച്ച് കുറ്റവാളികളെ പുറത്തുകൊണ്ടുവന്നില്ല. കമ്മ്യൂണിസ്റ്റ് ആചാര്യന്റെ കേന്ദ്രം കത്തിച്ചപ്പോള്‍ കൂട്ടുനിന്നത് യുഡിഎഫാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും അന്ന് അത് കണ്ടുപിടിക്കാതെ ഇന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങളെ ആക്ഷേപിക്കുകയാണ്. കേസ് കോടതി തള്ളികളഞ്ഞതാണ്. ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായി. അതോടെ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. അവിടുത്തെ കോണ്‍ഗ്രസിനും ഇതില്‍ പങ്കുണ്ട്. അവരെ സംരക്ഷിക്കാനാണ് വിടുപണി മുഴുവൻ ചെയ്തത്. ആ ശാസ്ത്രീയ തെളിവുകള്‍ ഒന്നും അന്ന് ശേഖരിച്ചില്ല. പിന്നെ ഇപ്പോള്‍ അപ്പീല്‍ നല്‍കിയിട്ട് കാര്യമില്ല. അന്ന് അത് ചെയ്യേണ്ടവർ ചെയ്തില്ല. രാത്രി രണ്ടുമണിക്ക് മൂന്നു മണിക്കോ വന്നു തീ വെച്ചാല്‍ പാർട്ടി എങ്ങനെ അറിയും. കേരളത്തിലെ മുഴുവൻ ക്രിമിനലുകളെയും അന്നത്തെ യുഡിഎഫ് സർക്കാർ സഹായിച്ചു. അതിന്റെ ഭാഗമായി കൃഷ്ണപിള്ള സ്മാരകം കത്തിച്ചവരെയും യുഡിഎഫ് സംരക്ഷിച്ചു. ഇപ്പോള്‍ അവരുടെ വാളായി ഒരാളെ കിട്ടിയപ്പോള്‍ അദ്ദേഹത്തെ കൊണ്ട് ഇതൊക്കെ പറയിപ്പിച്ചുവെന്നും സജി ചെറിയാൻ ആരോപിച്ചു.
എല്‍ഡിഎഫ് വിട്ട് യുഡി എഫിലെത്തിയ അമ്പലപ്പുഴയിലെ സ്ഥാനാർഥി ജി സുധാകരൻ ആണ് കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. അന്ന് കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയുടെ ചുമതലയില്‍ ഉണ്ടായിരുന്ന സജി ചെറിയാനെയാണ് സുധാകരൻ ഉന്നം വെക്കുന്നത്. ശരിയായ പ്രതികള്‍ അല്ല നിയമത്തിനു മുന്നില്‍ എത്തിയത് എന്ന സുധാകരന്‍റെ പ്രസ്താവന ഏറ്റുപിടിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.
2013 ഒക്ടോബർ 31ന് ആണ് കണ്ണർക്കാടുള്ള കൃഷ്ണപിള്ള സ്മാരകം തകർത്തത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ജി സുധാകരൻ ഉന്നയിച്ച ആരോപണം ആവർത്തിച്ചു. വിഎസ് അച്യുതാനന്ദന്‍റെ പേഴ്സണല്‍ സ്റ്റാഫ് ആയിരുന്ന ലതീഷ് ബി ചന്ദ്രനും അന്നത്തെ കണ്ണർകാട് ലോക്കല്‍ സെക്രട്ടറി പി സാബു അടക്കം അഞ്ചു പ്രതികളെയാണ് കൃഷ്ണപിള്ള സ്മാരകം തകർത്ത കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2020 ഇവരെ കോടതി വെറുതെ വിട്ടു.കേസിന്റെ തുടക്കം മുതല്‍ അന്വേഷണ ഘട്ടത്തില്‍ എല്ലാം സിപിഎം നേതൃത്വം മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. സിപിഎമ്മിന്‍റെ ഈ നിലപാടാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ആയുധം.
അതേസമയം, സുധാകരന്റെ ആരോപണത്തിന് പിന്നാലെ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരേപോലെ കടന്നാക്രമിക്കുകയാണ് ബിജെപി. സംഭവം നടന്ന മൂന്നു മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ ബിജെപി രംഗത്തെത്തിയത്. സജി ചെറിയാനെ രക്ഷിക്കാൻ രമേശ് ചെന്നിത്തല കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഹരിപ്പാട്ട് എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ജില്ലാ പ്രസിഡണ്ടുമായ സന്ദീപ് വാചസ്പതി ആണ് രംഗത്തെത്തിയത്.

















