അമിതവണ്ണം കുറയ്ക്കാനായി ആയുർവേദ ചികിത്സയ്ക്ക് എത്തിയ റഷ്യൻ സ്വദേശി മരണമടഞ്ഞ സംഭവത്തില്‍ വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു.അസ്വാഭാവിക മരണത്തിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയിലുള്ള റിസോർട്ടായ ബെത്ത് സൈദ ഹെർമിറ്റേജിലെ ആയുർവേദ ചികിത്സാ കേന്ദ്രമായ ആയുർബെത്ത് ഹീലിംഗ് സെന്ററില്‍ ചികിത്സയ്ക്കായെത്തിയ റഷ്യൻ പൗരൻ പോഡ്ഗോർണോവ് പാവെല്‍ എന്ന 47 കാരനാണ് രാത്രി മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.ഇന്നലെ രാത്രിയാണ് സംഭവം.
അമിതവണ്ണം കുറയ്ക്കുന്നതിനായാണ് പാവെല്‍ ഇവിടെയെത്തിയത്. സഹോദരൻ ഡിമിട്രി, സുഹൃത്ത് സെർഗി മിനകോവ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ചികിത്സയ്ക്ക് ശേഷം ഇന്നലെ രാവിലെ നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു.ഇന്നലെ രാത്രി 12.45 മണിയോടെ പാവെല്‍ മുറിയില്‍ അനക്കമില്ലാതെ കിടക്കുന്നത് സഹോദരനാണ് കണ്ടത്. സ്ഥാപനത്തിലെ ജീവനക്കാരുടെ സഹായത്തോടെ 108 ആംബുലൻസില്‍ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരണവിവരം ഔദ്യോഗികമായി റഷ്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയായാല്‍ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം റഷ്യയിലേക്ക് കൊണ്ടുപോകും. അമിത വണ്ണമുള്ള ആളായിരുന്നു പാവെല്‍. 150 കിലോയോളം ഭാരം ഉണ്ടായിരുന്നു. ചികിത്സയില്‍ എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ടോ എന്ന കാര്യം പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു.

















