ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരണത്തിനു കീഴടങ്ങി.കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളില്‍ സോപാനം വീട്ടില്‍ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചത്. വികലാംഗരും നിർധനരുമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ഈ വിദ്യാർഥി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടില്‍ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചു മടങ്ങിയെങ്കിലും പിന്നീട് പ്രതികള്‍ ഇവരെ ഓഡിറ്റോറിയത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിനിടെ തടിക്കഷണംകൊണ്ട് തലയ്ക്ക് മാരകമായി അടിയേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

അക്രമം നടന്നു നാലു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഹരികൃഷ്ണന്റെ മരണം ഉറപ്പായതോടെ പ്രതികള്‍ ഒളിവില്‍ പോയതായാണ് സൂചന. ശക്തികുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക