അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍. നിതിൻരാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്.’ഇൻസ്റ്റ പേ ലോണ്‍’ ആപ്പിനെതിരെ ബിഎൻഎസ് 308 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 36% പലിശയ്ക്കാണു നിതിന് 15000 രൂപ വായ്പ നല്‍കിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
മാത്രമല്ല ഈ തുക തിരിച്ചു പിടിക്കുന്നതിനായി ലോണ്‍ ആപ്പുകാർ ഫോണിലൂടെ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പ്രതിസന്ധിയിലാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.അതേസമയം നിതിന്റെ മരണത്തില്‍ ആരോപണവിധേയനായ ഓറല്‍ പതോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ കോളജില്‍നിന്നു കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട ഡോ. സംഗീത നമ്പ്യാർക്കെതിരെയും വിദ്യാർഥികള്‍ പരാതി ഉന്നയിച്ച മറ്റൊരു അധ്യാപകനെതിരെയും അന്വേഷണശേഷം നടപടി സ്വീകരിക്കുമെന്ന് കോളജ് അധികൃതർ വിദ്യാർഥികള്‍ക്ക് ഉറപ്പുനല്‍കി.
നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഴുവൻ വിദ്യാർഥികളും ഇന്നലെ ക്യാംപസിനു മുന്നില്‍ വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ചിരുന്നു. പിന്നാലെ വിദ്യാർഥികളും രക്ഷിതാക്കളും മാനേജ്മെന്റിന് കത്തും നല്‍കി. അതേസമയം ഒളിവില്‍പോയ ഡോ. റാമിനെയും ഡോ. സംഗീതയെയും കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഓഫാണെന്നും ലൊക്കേഷൻ കണ്ടെത്താനായിട്ടില്ലെന്നും എസ്‌ഐടി പറയുന്നു. അതേസമയം കോളേജില്‍ 20ന് ബിഡിഎസ് ക്ലാസുകള്‍ പുനരാരംഭിക്കും.








