മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി.രാജേഷ് എന്നിവർ പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ്.ഡിസിസികള്‍ നടത്തിയ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മൂന്നുപേർ ഉള്‍പ്പെടെ സിപിഎം ഉറപ്പായും വിജയപ്രതീക്ഷ പുലർത്തുന്ന പല മണ്ഡലങ്ങളിലും ഇക്കുറി യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.
ജില്ലാതലത്തിലെ പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം യുഡിഎഫ് 80-ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ആലപ്പുഴ, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ യുഡിഎഫ് അനുകൂല തരംഗം ശക്തമാകുകയാണെങ്കില്‍ സീറ്റുകളുടെ എണ്ണം ഇനിയും ഉയരുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
തിരുവനന്തപുരം ജില്ലയില്‍ കോവളം നിലനിർത്താനാകുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. വട്ടിയൂർക്കാവ്, തിരുവനന്തപുരം, നെയ്യാറ്റിൻകര, അരുവിക്കര എന്നിവിടങ്ങളില്‍ വ്യക്തമായ മുന്നേറ്റമുണ്ടെന്നാണ് വിലയിരുത്തല്‍. കാട്ടാക്കടയില്‍ കടുത്ത ത്രികോണ പോരാട്ടത്തിനിടെ ചെറിയ ഭൂരിപക്ഷത്തില്‍ വിജയം പ്രതീക്ഷിക്കുന്നു. നേമം, കഴക്കൂട്ടം പോലുള്ള ബിജെപി സ്വാധീനമുള്ള മണ്ഡലങ്ങളിലും നേരിയ ലീഡോടെ മുന്നിലെത്താമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
കൊല്ലത്ത് കുണ്ടറയും കരുനാഗപ്പള്ളിയും നിലനിർത്തുകയും കൊല്ലം മണ്ഡലം പിടിച്ചെടുക്കുകയും ചെയ്യുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ചവറ, കുന്നത്തൂർ മണ്ഡലങ്ങളില്‍ ആർഎസ്പിക്ക് മുൻതൂക്കം നല്‍കുന്നു. കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളില്‍ കടുത്ത മത്സരം പ്രതീക്ഷിക്കുന്നു.
ആലപ്പുഴയില്‍ അമ്പലപ്പുഴയില്‍ ഇടതു വിമതനായ ജി. സുധാകരൻ അട്ടിമറി ജയം നേടാമെന്നാണ് വിലയിരുത്തല്‍. ഹരിപ്പാട് നിലനിർത്തുമെന്നും അരൂർ, കുട്ടനാട് മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
കോട്ടയത്ത് പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പൂഞ്ഞാർ, ചങ്ങനാശേരി എന്നിവിടങ്ങളില്‍ വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. പാലായില്‍ മാണി സി. കാപ്പന് മുൻതൂക്കം നിലനില്‍ക്കുമ്പോള്‍ ഏറ്റുമാനൂരിലും വിജയ പ്രതീക്ഷയുണ്ട്.
ഇടുക്കിയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ട യുഡിഎഫ് തരംഗം നിയമസഭയിലും ആവർത്തിക്കുമെന്ന് ജില്ലാ നേതൃത്വം വിലയിരുത്തുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയില്‍ പരാജയപ്പെടുമെന്നും, തൊടുപുഴയും പീരുമേടും യുഡിഎഫ് നിലനിർത്തുമെന്നും കണക്കാക്കുന്നു.
പത്തനംതിട്ടയില്‍ കോന്നി ഒഴികെയുള്ള എല്ലാ സീറ്റുകളിലും യുഡിഎഫ് മുന്നിലാണ് എന്നാണ് വിലയിരുത്തല്‍. ആറന്മുളയില്‍ മന്ത്രി വീണാ ജോർജ് തോല്‍ക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.
എറണാകുളം ജില്ലയില്‍ കളമശേരി ഒഴികെ മിക്ക സീറ്റുകളിലും യുഡിഎഫ് വ്യക്തമായ മുന്നേറ്റം പ്രതീക്ഷിക്കുന്നു. വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, കോതമംഗലം തുടങ്ങിയ മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടം നടന്നെങ്കിലും വിജയം കൈവരിക്കാമെന്ന ആത്മവിശ്വാസമുണ്ട്.
തൃശൂരില്‍ ചാലക്കുടി, തൃശൂർ, മണലൂർ മണ്ഡലങ്ങള്‍ ഉറപ്പാണെന്നും, അനുകൂല തരംഗമുണ്ടെങ്കില്‍ മറ്റു ചില സീറ്റുകളും പിടിക്കാമെന്നുമാണ് കണക്കുകൂട്ടല്‍.പാലക്കാട് ജില്ലയില്‍ മണ്ണാർക്കാട്, പാലക്കാട് മണ്ഡലങ്ങള്‍ നിലനിർത്തുമെന്നും തൃത്താലയില്‍ മന്ത്രി എം.ബി. രാജേഷ് പരാജയപ്പെടുമെന്നും യുഡിഎഫ് വിലയിരുത്തുന്നു. മറ്റ് മണ്ഡലങ്ങളില്‍ കടുത്ത മത്സരം തുടരുകയാണ്.
മലപ്പുറത്ത് യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതീക്ഷിക്കുന്നു. കോഴിക്കോട് ജില്ലയില്‍ പ്രധാന മണ്ഡലങ്ങളില്‍ വ്യക്തമായ മുൻതൂക്കം അവകാശപ്പെടുന്ന പാർട്ടി, അനുകൂല സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാമെന്നും പറയുന്നു.
കണ്ണൂരില്‍ പേരാവൂർ, ഇരിക്കൂർ നിലനിർത്തുകയും കണ്ണൂർ സീറ്റ് പിടിച്ചെടുക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. വയനാട്ടില്‍ മൂന്ന് സീറ്റുകളും സ്വന്തമാക്കുമെന്നും മന്ത്രി ഒ.ആർ. കേളു പരാജയപ്പെടുമെന്നും യുഡിഎഫ് പറയുന്നു.
കാസർകോട് ജില്ലയില്‍ മഞ്ചേശ്വരം നിലനിർത്തുന്നതിനൊപ്പം കാസർകോട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.

















