പാലാ നഗരസഭയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. ഭരണം കയ്യാളുന്ന യുഡിഎഫ് മുന്നണിയിലെ ധാരണയനുസരിച്ച് ആദ്യ ആറുമാസമാണ് മായാ രാഹുലിന് വൈസ് ചെയർമാൻ പദവി അനുവദിച്ചിരുന്നത്. പിന്നീട് സ്വതന്ത്ര മുന്നണിയുടെ പ്രതിനിധി വൈസ് ചെയർമാൻ പദവിയിലേക്ക് എത്തും എന്നായിരുന്നു ആദ്യ ധാരണ. എന്നാൽ സമീപകാലത്ത് കോൺഗ്രസ് കൗൺസിലർമാർ സ്വതന്ത്ര മുന്നണിയുടെ ഏകാധിപത്യം ആരോപിച്ച് പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തിയതോടെ സമവായ നീക്കങ്ങളുടെ ഭാഗമായി മായാ രാഹുലിന് പിന്നാലെ കോൺഗ്രസ് പ്രതിനിധി വൈസ് ചെയർമാൻ പദവിയിലേക്ക് എത്തുമെന്ന് തീരുമാനം ആക്കിയിരുന്നു.

ആറുമാസ കാലാവധി ജൂൺ 26ന് അവസാനിക്കാനിരിക്കെ ഉടനടി രാജി സമർപ്പിക്കേണ്ടതില്ല എന്ന് മായാ രാഹുലിനോട് കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസിന്റെ പ്രതിനിധിയായി ആരെത്തും എന്നതിനെ ചൊല്ലി പാർട്ടി തീരുമാനം എടുത്തതിനുശേഷം മാത്രം മതി രാജി എന്നാണ് നേതൃത്വത്തിന്റെ നിർദേശം. കോൺഗ്രസ് തീരുമാനമെടുത്തതിനുശേഷം ഔപചാരികമായി അറിയിക്കാം എന്നും അതിനു ശേഷം രാജിവച്ചാൽ മതിയെന്നും കോൺഗ്രസ് ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ പാലായുടെ ചുമതല ഏൽപ്പിച്ചിരിക്കുന്ന നേതാക്കൾ മായക്ക് കഴിഞ്ഞ ആഴ്ച തന്നെ നിർദേശം കൈമാറിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈസ് ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്ന കോൺഗ്രസ് പ്രതിനിധി ആര്?

കോൺഗ്രസ് പ്രതിനിധിയായി നഗരസഭ ഉപാധ്യക്ഷ സ്ഥാനത്തേക്ക് എത്തുക ആരാണ് എന്നതിനെ ചൊല്ലി പാലായിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകളും ഊഹാപോഹങ്ങളും സജീവമാണ്. എന്നാൽ സമീപകാലത്തുണ്ടായ ചില സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കൗൺസിലർമാരുടെ ഏകപക്ഷീയമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആവില്ല നേരെ മറിച്ച് പാർട്ടി കൃത്യമായി ചർച്ചകൾ നടത്തി പാർട്ടി പ്രതിനിധിയെ നിശ്ചയിക്കുമെന്നാണ് സംസ്ഥാന ജില്ലാ നേതാക്കളുടെ നിലപാട്. പ്രാദേശിക നേതൃത്വവുമായി കൗൺസിലർമാരുമായും കൂടിയാലോചിച്ച് ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തുക.

പാർട്ടി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചതിനാൽ ഇനി കൗൺസിലർമാർ എല്ലാ കാര്യങ്ങളിലും പ്രാദേശിക, ജില്ലാ നേതൃത്വങ്ങളുമായി കൂടിയാലോചന നടത്തി മാത്രമേ നിലപാട് പ്രഖ്യാപനവും നയസമീപനങ്ങളും സ്വീകരിക്കാവൂ എന്ന നിർദ്ദേശവും നേതൃത്വം ജനപ്രതിനിധികൾക്ക് നൽകിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിന്റെ തിരക്ക് കഴിഞ്ഞ് മാത്രമേ ഈ വിഷയത്തിൽ കാര്യമായ ചർച്ചകളിലേക്ക് നേതൃത്വം കടക്കുകയുള്ളൂ എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെയാണെങ്കിൽ പാലായിലെ പുതിയ വൈസ് ചെയർമാൻ ആരെന്ന കാര്യത്തിൽ ജൂലൈ മാസം അവസാനത്തോടുകൂടി മാത്രമേ അന്തിമ തീരുമാനം ആകുവാൻ സാധ്യതയുള്ളൂ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക