പത്തനംതിട്ട അടൂരില്‍ നടന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രിയെയും ബിജെപിയെയും എല്‍ഡിഎഫിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കേരളത്തിലെ എല്‍ഡിഎഫ് ബിജെപിയുടെ നിയന്ത്രണത്തിലാണെന്നായിരുന്നു രാഹുല്‍ ഗാന്ധി വിമർശിച്ചത്.
കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എല്‍ഡിഎഫിനെയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ എതിരായി നില്‍ക്കുന്നത് ബിജെപി-എല്‍ഡിഎഫ് സംയുക്ത മുന്നണിയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അതുകൊണ്ടാണ് യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരാൻ ബിജെപി തടയുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. ബിജെപിയെ എതിർക്കുന്നത് കോണ്‍ഗ്രസാണ് അതുകൊണ്ടാണ് അവർ തങ്ങളെ എതിർക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ശബരിമലയില്‍ സ്വര്‍ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയി. ഇത് ബിജെപി-സിപിഎം ഡീലിന്റെ തെളിവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി അവരെ എതിർക്കുന്ന എല്ലാവരെയും ആക്രമിക്കും. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ഒരു നീക്കവുമില്ലെന്നും കേരളത്തില്‍ യുഡിഎഫ് വരുന്നത് തടയുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം സ്വർണക്കൊള്ളയിലെ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു. കോര്‍പ്പറേറ്റ് സ്വഭാവമാണ് അവര്‍ക്ക്. കോര്‍പ്പറേറ്റുകള്‍ ഫണ്ട് ചെയ്യുന്ന സര്‍ക്കാരണിത്. യുഡിഎഫ് റബ്ബര്‍ കര്‍ഷകരെ സഹായിച്ചിരുന്നു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ല. അമേരിക്കയില്‍ അദാനിക്കെതിരായ കേസ് മോദിയെ ലക്ഷ്യം വെച്ചാണ്. എപസ്റ്റീൻ വിഷയം പാര്‍ലമെന്‍റില്‍ ഉയര്‍ത്തിയപ്പോള്‍ മോദി ഓടിയൊളിച്ചു. മോദി ട്രംപിന് കീഴടങ്ങി. അതുപോലെ മോദിക്ക് പിണറായി വിജയനും കീഴടങ്ങി. കേരളം സഹവര്‍ത്തിത്തോടെ ജീവിക്കുന്ന സമൂഹമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പത്തനംതിട്ടയിലെ പൊതുയോഗത്തില്‍ വെച്ച്’ സ്വർണം കട്ടവൻ അരപ്പാ’ എന്ന പാരഡി ഗാനവും രാഹുല്‍ ഗാന്ധി ആലപിച്ചു. വീണ്ടും ഡീല്‍ ആരോപണം കടുപ്പിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. എല്‍ഡിഎഫിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചുകൊണ്ടും. രാഷ്ട്രീയം പറഞ്ഞുകൊണ്ടുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്ടറില്‍ അടൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. അടൂരിലെ പരിപാടിക്ക് മുൻപായി കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയായിരുന്ന എംജി കണ്ണന്‍റെ കുടുംബത്തെ കണ്ടു.യുഡിഎഫ് ക്യാംപിന് ആവേശമായാണ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തിയത്. പത്തനംതിട്ടയിലെ പരിപാടികള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി ഇനി പോകുന്നത് കോട്ടയത്തേക്കാണ്.

















